കൊച്ചി: ബീഫ് വിഷയത്തെ കുറിച്ച് താൻ നടത്തിയ അഭിപ്രായ പ്രകടനം തമാശയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബീഫിനെക്കുറിച്ച് ഒറീസയിൽ വെച്ച് പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാൻ കാരണം. വിദേശങ്ങളിൽ നല്ല ബീഫ് കിട്ടും, അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. അത് റെക്കോർഡ് ചെയ്യപ്പെടാൻ വേണ്ടി പറഞ്ഞതായിരുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
തെൻറ ഭാര്യയുടെ വീഡിയോയും ഇത്തരത്തിൽ തമാശയായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആളുകൾക്ക് കാര്യമായി മറ്റൊരു പണിയൊന്നുമില്ലാത്തതു കാരണം രാവിലെ മുതൽ മൊബൈൽ ഉപയോഗിച്ച് കാർട്ടൂണുകൾ ഉണ്ടാക്കുകയാണ്. എന്നെ കുറിച്ചും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കുന്നുണ്ട്. ഇനിയും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കിക്കോളു അതിൽ സന്തോഷമേയുള്ളുവെന്നും കണ്ണന്താനം പറഞ്ഞു.
പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. വർധനയിലൂടെ ലഭിക്കുന്ന അധികനികുതി ക്ഷേമത്തിനായി സർക്കാർ ഉപയോഗിക്കും. വാഹനങ്ങൾ വാങ്ങുന്നവർ അതിൽ ഇന്ധനം നിറക്കാൻ കൂടുതൽ തുകമുടക്കുന്നതിൽ തെറ്റില്ലെന്നും കണ്ണന്താനം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കേരളത്തിലെ ടൂറിസം രംഗം നേരിടുന്ന പ്രധാനവെല്ലുവിളി. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാറുമായി ചേർന്ന് പദ്ധതികൾ നടപ്പിലാക്കുമെന്നും കണ്ണന്താനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.