തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരെൻറ തിരുത്ത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഉദ്ഘാടനം ഉണ്ടാകില്ലെന്ന് സുധാകരൻ തിരുത്തി പറഞ്ഞു. കെ സുധാകരൻ ചടങ്ങിന്റെ അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുസ്മരണ പ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നായിരുന്നു കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നത്.
കെ.പി.സി.സിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കെ.പി.സി.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉദ്‌ഘാടനം എന്നൊന്നില്ല. അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്ത് സംസാരിക്കുക മാത്രമാണുണ്ടാവുകയെന്ന് കെ.പി.സി.സി വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന നേതാവ് പങ്കെടുക്കുന്നത്. അതിനാൽ, തന്നെ ഈ വിഷയം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്.പുതിയ സാഹചര്യത്തിൽ അനുസ്മരണവേദിയിലെ പ്രസംഗം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇന്ന് പുതുപ്പളളിയിലെ സ്ഥാനാർഥി ആരാവുമെന്ന ചോദ്യത്തിനുള്ള മറുപടിയിലും സുധാകരൻ തിരുത്തലുകൾ വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.