നീലേശ്വരം: ജില്ലയിലെ ‘കനിവ് 108’ ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കിലേക്ക്. നിർധന രോഗികളെ സൗജന്യമായി ചികിത്സക്ക് കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘108 ആംബുലൻസ്’ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം കിട്ടിയിട്ട്. ഇതോടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങുകയാണ്.
ഇതുസംബന്ധിച്ച് സി.ഐ.ടി.യു യൂനിയൻ ഭാരവാഹികൾ ജില്ല കലക്ടർ, ജില്ല ലേബർ ഓഫിസർ, ഡി.എം.ഒ എന്നിവർക്ക് നിവേദനം നൽകി. ശമ്പളം സംബന്ധിച്ച് ജൂൺ 15ന് തീരുമാനമായില്ലെങ്കിൽ 16ന് രാവിലെ മുതൽ നാലു മണിക്കൂർ സൂചന പണിമുടക്ക് നടത്തും. തീരുമാനമായില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കോവിഡ് കാലത്തും രോഗികളെയുംകൊണ്ട് ജീവൻ പണയംെവച്ച് ചീറിപ്പായുന്ന തങ്ങളെ കടക്കെണിയിലാക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് ഡ്രൈവർമാരുടെ പരാതി. ജില്ലയിൽ 14 ‘കനിവ് 108’ ആംബുലൻസുകളാണ് സർവിസ് നടത്തുന്നത്.
ഒരു വാഹനത്തിൽ രണ്ടു ഡ്രൈവർമാരും രണ്ട് എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരുമാണ് സേവനമനുഷ്ഠിക്കുന്നത്. ആകെ 60 ജീവനക്കാരാണ് ജില്ലയിലുള്ളത്. ഇവരുടെ അവധിക്ക് ബദലായി അഞ്ചു ഡ്രൈവർമാരും അഞ്ചു മെഡിക്കൽ ടെക്നീഷ്യന്മാരും പകരക്കാരായി ജോലി ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്കാണ് അഞ്ചുവർഷം ‘108’ ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത്.
ഈ കമ്പനിയാണ് 60 ജീവനക്കാർക്കും ശമ്പളം നൽകേണ്ടത്. എല്ലാ മാസവും ഏഴാം തീയതിക്കകം അക്കൗണ്ടിൽ ശമ്പളം നിക്ഷേപിക്കുമെന്നാണ് കമ്പനി പറഞ്ഞത്. മാത്രമല്ല ആംബുലൻസ് ഡ്രൈവർമാരോട് 10,000 രൂപയും മെഡിക്കൽ ടെക്നീഷ്യന്മാരോട് 15,000 രൂപയും പരിശീലന ക്ലാസിെൻറ പേരിൽ കമ്പനി അധികൃതർ വാങ്ങിയിരുന്നു. എന്നാൽ, പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് നൽകാൻ കമ്പനി തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.