ഇരിക്കൂർ: സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുൽ ഇസ്ലാമിന്‍റെ മൃതദേഹം ജന്മനാടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ച ആഷിഖുൽ ഇസ്ലാമിന്‍റെ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സ്ഥലത്ത് തളർന്നിരിക്കുകയായിരുന്ന സഹോദരരായ മൊമീനുൽ ഇസ്ലാമിനെയും റഫീഖുൽ ഇസ്ലാമിനെയും ഇരിക്കൂറിലെ നാട്ടുകാരാണ് സാന്ത്വനിപ്പിച്ചത്. മൃതദേഹം ഇരിക്കൂറിൽ ഖബറടക്കുന്നതിനുള്ള നടപടികൾ തുടങ്ങട്ടെയെന്ന് ചോദിച്ചപ്പോൾ ഇരുവരുടെയും സങ്കടം പൊട്ടിക്കരച്ചിലിന് വഴിമാറി. വിതുമ്പിക്കരയുന്നതിനിടയിൽ കൈകൾ ചേർത്തുവെച്ച് മൊമീനുൽ ഇസ്ലാo ഹൃദയം തകർന്ന വേദനയോടെ പറഞ്ഞു, 'വെറും അസ്ഥികൂടം മാത്രമാണ് അവിടെ നിന്ന് കിട്ടുന്നുവെങ്കിൽ പോലും അത് എൻ്റെ ഗ്രാമത്തിലേക്ക് എനിക്ക് കൊണ്ടു പോകണം. അവിടെ ഉപ്പയും ഉമ്മയും സഹോദരൻ്റെ ഭാര്യയും മക്കളും രണ്ട് മാസമായി തീ തിന്ന് കഴിയുകയാണ്. കഫൻ ചെയ്ത രൂപമെങ്കിലും അവരെ കാണിക്കാൻ നിങ്ങൾ സഹായിക്കുമോ?'.
കരൾ പിളർക്കുന്ന ചോദ്യത്തിന് മുന്നിൽ ഇരിക്കൂറിൻ്റെ കാരുണ്യ മനസ്സ് കൈകോർത്തത് വളരെ പെട്ടെന്നായിരുന്നു. ഉദാരമതികളും സന്നദ്ധ സംഘടനകളും ഇതര സംസ്ഥാന തൊഴിലാളികളും ആവുന്നത് പോലെ സഹകരിച്ചപ്പോൾ 2800 കിലോമീറ്റർ ദൂരത്തിൽ മുർഷിദാബാദിൽ എത്താനാവശ്യമായ ഒരു ലക്ഷം രൂപയോളം ഒരു മണിക്കൂറിനുള്ളിൽ സമാഹരിക്കാനായി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടപടികളും പൊലീസ് നടപടികളും പൂർത്തിയാക്കി രാത്രി എട്ടോടെ ഗ്യാഫ് നിലാമുറ്റത്തിൻ്റെ ആംബുലൻസിൽ ആഷിഖുൽ ഇസ്ലാമിൻ്റെ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി.
ഡ്രൈവർ വി. ഫൈസലിനൊപ്പം സുഹൃത്തായ കിണാക്കൂൽ ഷംസുദ്ദീനും കൂടെയുണ്ടായിരുന്നു. 2856 കിലോമീറ്റർ താണ്ടി ഞായറാഴ്ച രാത്രി 8.30ഓടെ മുർഷിദാബാദ് ജില്ലയിലെ കപിൽപൂർ വില്ലേജിലെ മുത്തുരപൂർ ജുമാ മസ്ജിദിൽ മരണാനന്തര ക്രിയകൾക്കായി എത്തുമ്പോഴേക്കും ഗ്രാമം മുഴുവൻ വിതുമ്പലോടെ മസ്ജിദ് പരിസരത്തെത്തിയിരുന്നു.
കപിൽപൂർ അതിർത്തി മുതൽ പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസിന് വഴിയൊരുക്കിയത്. രാത്രി 11ഓടെ മുത്തുരപൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആഷിഖുൽ ഇസ്ലാമിൻ്റെ അവശേഷിച്ച ശരീരഭാഗങ്ങൾ കണ്ണീരിൽ കുതിർന്ന വിടവാങ്ങലോടെ കഫൻ ചെയ്ത് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.