കൊല്ലം: എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ പിക്നിക്കിനായി വരുന്ന രാഹുൽ വാവയാണെന്ന് പരിഹസിക്കുകയും ചെയ്തു.
എൻ.ഡി.എ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പരവൂർ പുറ്റിങ്ങൽ ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും ഭരണത്തിൽ കേരളം അഴിമതിയുടെ കേന്ദ്രമായി മാറി. അതിനെക്കുറിച്ചാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. യു.ഡി.എഫിന് സോളാർ കുംഭകോണമാണെങ്കിൽ എൽ.ഡി.എഫ് വരുമ്പോഴത് ഡോളർ കുംഭകോണമായി മാറും. എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് ഉപദ്രവിക്കുന്ന രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
'സ്വര്‍ണ കള്ളക്കടത്തിലെ മുഖ്യപ്രതി താങ്കളുടെ ഓഫിസിലല്ലേ പ്രവര്‍ത്തിച്ചിരുന്നത്, മുഖ്യപ്രതിക്ക് മൂന്നരലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ, പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയോ, പ്രതിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്‌തോ, മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനുമേല്‍ സമ്മര്‍ദം ചെലുത്തിയോ' എന്നീ ചോദ്യങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകണം. ശബരിമലയെ ഏതുരീതിയിലാണ് അവർ കൈകാര്യം ചെയ്തതെന്ന് രാജ്യത്തിന് മുഴുവനറിയാം. ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. കമ്യൂണിസം ലോകം മുഴുവൻ നശിച്ചു. കോൺഗ്രസ് ഭാരതത്തിൽ ഇല്ലാതായി. മതേതരത്വം പറയുന്ന കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ ആർക്കൊപ്പമാണ് കൂട്ടുകൂടുന്നതെന്ന് എല്ലാവർക്കുമറിയാം
. കേരളത്തിൽ ബി.ജെ.പി സർക്കാർ ഇല്ലാഞ്ഞിട്ടുപോലും മോദി സർക്കാർ നിരവധി വികസന പദ്ധതികൾ നടപ്പാക്കി. രാഹുൽ വാവ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാൽ അഞ്ചുവർഷം കൊണ്ട് രാജ്യത്തെ മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡൻറ് എസ്. പ്രശാന്ത് അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി ബി.ബി. ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ല ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, കിഴക്കനേല സുധാകരൻ, ബി.ഐ. ശ്രീനാഗേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.