കൊച്ചി: സംഘടന തെരഞ്ഞെടുപ്പിനും ജനറൽ ബോഡി യോഗത്തിനുൾപ്പെടെ താരങ്ങളെത്തുമ്പോൾ പിന്നാലെ മാധ്യമങ്ങളും ആരാധകരുമെത്തുന്ന, ആളും ആരവവുമുയരുന്ന അമ്മയുടെ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച അക്ഷരാർഥത്തിൽ അനാഥമായിരുന്നു. അമ്മയിലെ കൂട്ട രാജി മാധ്യമങ്ങളിലും പൊതുവിടങ്ങളിലും വലിയ ചർച്ചയാവുമ്പോൾ കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ബഹുനില കെട്ടിടത്തിനു മുന്നിലുണ്ടായിരുന്നത് സുരക്ഷാ ജീവനക്കാരൻ മാത്രം.
ഓഫിസ് കെട്ടിടം പൂട്ടിക്കിടക്കുകയായിരുന്നു. രാജി വാർത്തക്കു ചില മാധ്യമപ്രവർത്തകരും ലൈവ് റിപ്പോർട്ടിംഗിനായി ഇവിടെയെത്തി. സ്വകാര്യ ചാനലുമായി ചേർന്ന് അമ്മ നടത്തിയ വിനോദ പരിപാടിയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പു വരെ നിരവധി അഭിനേതാക്കളുടെ സജീവസാന്നിധ്യം ഇവിടെയുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും താരങ്ങൾക്കെതിരെ വെളിപ്പെടുത്തലുകളുണ്ടാവുകയും ചെയ്ത സമയത്തൊന്നും ഔദ്യോഗികമായി സംഘടനാ നേതൃത്വം പ്രതികരിക്കാൻ തയാറായിരുന്നില്ല. ഇത് വലിയ വിവാദമായതോടെ മുഖം രക്ഷിക്കാനായി ജനറൽ സെക്രട്ടറി സിദ്ദീഖിന്‍റെ നേതൃത്വത്തിൽ വാർത്ത സമ്മേളനം നടത്തിയതും ഇതേ ഓഫിസിൽ തന്നെ.
ഇതിനിടെ ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലെ സംഘടനയുടെ നിലപാടിനെതിരെ എറണാകുളം ലോ കോളജ് വിദ്യാർഥികൾ തിങ്കളാഴ്ച ഓഫിസിനു മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.