ന്യൂഡൽഹി: ശശി തരൂരിന്റെ തണലിലും ആശീർവാദത്തിലും പൊടുന്നനെ പാർട്ടി പദവികളിലെത്തിയ അനിൽ ആന്റണി ആദ്യം ഗാന്ധി കുടുംബത്തെയും പിന്നീട് കോൺഗ്രസിനെയും തള്ളിപ്പറഞ്ഞ് ഒടുവിൽ ബി.ജെ.പിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കിയ ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കളുടെ രൂക്ഷമായ പ്രതികരണമേറ്റുവാങ്ങി പദവികളിൽ നിന്ന് രാജിവെച്ചത് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റത്തിനായിരുന്നെന്ന വാർത്തകളെ ശരിവെക്കുന്നതാണ് അനിലിന്റെ നടപടി.
എ.കെ. ആന്റണിയുടെ മകനെന്ന നിലയിൽ മാത്രം കഴിഞ്ഞിരുന്ന അനിൽ ആന്റണിയെ പ്രഫഷനൽ കോൺഗ്രസിലൂടെയാണ് ശശി തരൂർ പാർട്ടി പദവികളിലെത്തിച്ചത്. ഗാന്ധി കുടുംബത്തിനെതിരെ കലാപക്കൊടി ഉയർത്തി ജി-23നൊപ്പം നിന്നപ്പോഴും മല്ലികാർജുൻ ഖാർഗെക്ക് എതിരെ മൽസര രംഗത്തിറങ്ങിയപ്പോഴും ശശി തരൂരിനൊപ്പമായിരുന്നു അനിൽ ആന്റണി.
അനിൽ ആന്റണി ബി.ജെ.പി പ്രവേശനം ചർച്ച ചെയ്തിട്ടില്ലെന്നാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞത്. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ സത്യം പുറത്തുവന്നുവെന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാട് തള്ളിയ അനിൽ, ബി.ബി.സി നടത്തിയത് പരമാധികാരത്തിനും അഖണ്ഡതക്കും എതിരായ ആക്രമണമെന്ന ബി.ജെ.പി നിലപാട് പരസ്യമായി ഏറ്റെടുത്താണ് വഴി എളുപ്പമാക്കിയത്. അനിൽ നടത്തിയ പ്രതികരണത്തെ അതിരൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ വിമർശിച്ചത്.
ഇതിന് പിന്നാലെ പദവികൾ രാജിവെച്ചപ്പോൾ ബി.ജെ.പിയിലേക്ക് പോകില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷവും രാഹുലിനെ ഇകഴ്ത്തിയും ബി.ജെ.പി നേതാക്കളെ വാഴ്ത്തിയും മുന്നോട്ടുപോയ അനിൽ പൊതു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകുട്ടയിലെറിയാന്‍ മികച്ച അവസരമാണെന്ന് കൂടി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.