മൂവാറ്റുപുഴ: കേരള ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്ന് പണം തട്ടാൻ ശ്രമം. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഗോപി കോട്ടമുറിക്കൽ സൈബർ പൊലീസിൽ പരാതി നൽകി.
സാനു മാഷിനോടൊപ്പം നിൽക്കുന്ന കവർ ചിത്രവും ഗോപി കോട്ടമുറിക്കലിന്റെ ഏറ്റവും പുതിയ ചിത്രവും ഉൾപ്പെടെ ഔദ്യോഗിക അക്കൗണ്ടിന് സമാന രൂപത്തിലാണ് വ്യാജ എഫ്.ബി അക്കൗണ്ട് തുറന്നിരിക്കുന്നത്. സി.പി.എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ മെസഞ്ചറിലേക്ക് 15,000 രൂപ ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. ഫോൺ പേ നമ്പറും (7074137041) കൈമാറി.
മറ്റ് 63 വ്യക്തികളോട് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആരുടെയെല്ലാം പണം നഷ്ടമായിട്ടുണ്ടെന്നതിൽ ഇനിയും വ്യക്തതയില്ല. ലൈവ് ഇൻ അഹ്മദാബാദ് എന്ന് മുഖ പേജിൽ നൽകിയിട്ടുണ്ട്. യാത്രയിലാണെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും ഉടൻ അയക്കണം എന്നും കാണിച്ച് ഇംഗ്ലീഷിലുള്ള സന്ദേശമാണ് എല്ലാവർക്കും ലഭിച്ചത്.
പണം ആവശ്യപ്പെട്ടവരിൽ ചിലർ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴാണ് ഗോപി കോട്ടമുറിക്കൽ സംഭവം അറിയുന്നത്. ഉടൻ പരാതി നൽകുകയും ഔദ്യോഗിക ഫേസ്ബുക്കിൽ തട്ടിപ്പിന് ആരും ഇരയാകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.