പട്ടാമ്പി: പെട്രോൾ പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധവും തുടർന്നുണ്ടായ വ്യത്യസ്ത അനുഭവവും പങ്കുവെക്കുകയാണ് പരിസ്ഥിതി പ്രവർത്തകൻ ഹുസൈൻ തട്ടതാഴത്ത്. പട്ടാമ്പി വാവനൂരുള്ള ഷൈൻ പെട്രോളിയത്തിൽ നിന്ന് ഇന്നോവ വാനിൽ ഡീസൽ നിറക്കാൻ കയറിയപ്പോഴാണ് അദ്ദേഹത്തിന് വേറിട്ട അനുഭവമുണ്ടായത്.
പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധനം നിറക്കാൻ തുടങ്ങിയ ശേഷമാണ് ഡീസലിന് പകരം പെട്രോളാണ് നിറക്കുന്നതെന്ന് ഹുസൈന്‍റെ ശ്രദ്ധയിൽ പെടുന്നത്. ഉടനെ നിർത്താനാവശ്യപ്പെട്ടു. അബദ്ധം മനസിലായ ജീവനക്കാരൻ ക്ഷമാപണമായി. കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു ജീവനക്കാരൻ. വഴക്കുണ്ടാക്കാനോ മറ്റോ മുതിരാതിരുന്ന ഹുസൈൻ ജീവനക്കാരനെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.
അപ്പോഴേക്കും അവിടെയെത്തിയ പമ്പുടമയുടെ മകൻ ഉടനെ മെക്കാനിക്കിനെ വിളിച്ച് പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചു. അത്യാവശ്യ യാത്രയിലാണെങ്കിൽ തന്‍റെ കാറെടുത്ത് പോയി വരാനും തിരിച്ചെത്തുേമ്പാഴേക്ക് ഇന്നോവ ശരിയാക്കി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ടാങ്കിലെത്തിയ പെട്രോളിെന്റ ഇരട്ടിയിലധികം ഡീസൽ നിറച്ചാൽ കുഴപ്പമുണ്ടാകില്ലെന്നാണ് ഹുസൈന് പരിചയമുള്ള മെക്കാനിക് നൽകിയ മറുപടി. അങ്ങനെയെങ്കിൽ ഫുൾടാങ്ക് ഡീസൽ നിറക്കാമെന്നായി ഹുസൈൻ.
പക്ഷേ, ഫുൾടാങ്ക് ഡീസൽ നിറച്ചതിന് 1000 രൂപ മാത്രമാണ് പമ്പുടമ വാങ്ങിയത്. അബദ്ധം സംഭവിച്ച ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്ന് ബാക്കി തുക ഈടാക്കാൻ സാധ്യതയുണ്ടെന്ന് കരുതി മുഴുവൻ തുകയും വാങ്ങണമെന്ന് ഹുസൈൻ നിർബന്ധിച്ചു കൊണ്ടിരുന്നു. വഴങ്ങാതിരുന്ന പമ്പുടമ, ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്ന് പണമൊന്നും ഈടാക്കില്ലെന്നും ഉറപ്പു നൽകി.
ഇത്തരം അബദ്ധം സംഭവിച്ചാൽ വാഹനമുടമകൾ ബഹളമുണ്ടാക്കുകയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് സാധാരണമാണെന്നു കൂടി പമ്പുടമ പറഞ്ഞു. ക്ഷമയോടെ വിഷയം കൈകാര്യം ചെയ്തതിനുള്ള സമ്മാനമാണ് ബാക്കി തുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്ററാണ് പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ഹുസൈൻ തട്ടതാഴത്ത്. തിങ്കളാഴ്ചയാണ് ഇന്ധനം മാറി നിറച്ചതെന്നും ഇതുവരെയും വാഹനത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.