മലപ്പുറത്ത്​ കോൺഗ്രസ്​ സമവാക്യങ്ങൾ മാറുന്നു; ജില്ലയിലെ നേതൃമാറ്റം സൂചിപ്പിക്കുന്നത്...​

മലപ്പുറം ജില്ലയിലെ കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ അരനൂറ്റാണ്ടായി നിലനിന്നിരുന്ന സമവാക്യങ്ങൾ മാറുകയാണെന്നാണ്​ പാർട്ടിക്കുള്ളിലെ സംഭവവികാസങ്ങൾ നൽകുന്ന സൂചന​. 1969ൽ രൂപീകൃതമായത് മുതൽ മലപ്പുറം ജില്ലയിലെ കോൺഗ്രസ് രാഷ്​ട്രീയത്തിൽ അവസാന വാക്ക് ആര്യാടൻ മുഹമ്മദാണ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കേരളത്തിലെ കോൺഗ്രസിനെ സമ്പൂർണമായി വരുതിയിലാക്കിയ 1992ലെ സംഘടന തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ല എ ഗ്രൂപ്പിന്‍റെ കയ്യിൽ ഭദ്രമായിരുന്നു.

ആര്യാടൻ മുഹമ്മദിന്‍റെ ഹിതമായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലെ മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. എന്നാൽ, പുതുമുഖമായ വി.എസ്. ജോയ് ഡി.സി.സി പ്രസിഡന്‍റായി കടന്നുവന്നത്​ ജില്ലയിലെ കോൺഗ്രസ്​ രാഷ്​ട്രീയത്തിന്‍റെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വമ്പിച്ച മാറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിനുശേഷം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും ഉമ്മൻ ചാണ്ടിയോ കെ.സി. ജോസഫോ കെ.പി.സി.സി പ്രസിഡന്‍റും എന്ന ഫോർമുലയുമായി തിരുവനന്തപുരം കവടിയാറിലെ ആര്യാടൻ മുഹമ്മദിന്‍റെ ഫ്ലാറ്റിൽ എ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. പ്രവർത്തകരുടെയും തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും ശക്തമായ പ്രതിഷേധത്തിനു കാരണമായ ഈ ഗ്രൂപ്പ് നീക്കമാണ് കോൺഗ്രസിൽ പുതിയ അച്ചുതണ്ട് രൂപപ്പെടാൻ ഇടയാക്കിയത്. ഇതോടെയാണ്​ മലപ്പുറത്തെ എ വിഭാഗം കോൺഗ്രസിലും ഭിന്നത രൂപപ്പെട്ടത്​.

കെ.സി. വേണുഗോപാൽ​-വി.ഡി. സതീശൻ-കെ. സുധാകരൻ നിരയുടെ സംസ്ഥാനത്തെ മുഖ്യ സംഘാടകരിലൊരാളായ എ.പി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ വലിയ വിഭാഗം നടത്തിയ നീക്കത്തിന്‍റെ വിജയമായിരുന്നുവി.എസ്. ജോയിയുടെ സ്ഥാനാരോഹണം. ഇത് ആര്യാടന്‍റെ താൽപര്യത്തിന് വിരുദ്ധമായിരുന്നു. വി.എസ്​. ജോയ്​, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ മുൻനിര എ ഗ്രൂപ്പ് നേതാക്കൾ വേറിട്ട ദിശയിലൂടെ നീങ്ങുകയാണിപ്പോൾ. ജില്ലയിലെ പ്രമുഖ നേതാക്കളുടെയും യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയും ഈ നീക്കത്തിനുണ്ട്.

കോൺഗ്രസ് അംഗത്വ വിതരണവും പാർട്ടി പുനഃസംഘടനയും അടുത്തെത്തിയതോടെ എ.പി. അനിൽ കുമാർ നേതൃത്വം നൽകുന്ന ഐ വിഭാഗവും ആര്യാടൻ ഷൗക്കത്തിനോടുള്ള എതിർപ്പ് പരസ്യമാക്കി മുന്നോട്ടുവന്ന എ വിഭാഗവും ഒരുമിച്ച് നീങ്ങാൻ ധാരണയായിരിക്കുന്നു. കെ.സി. വേണുഗോപാലിന്‍റെ പിന്തുണ ഈ ഗ്രൂപ്പിനാണ്. ആര്യാടൻ ഷൗക്കത്തും പി.ടി. അജയ് മോഹനും ഒരുമിച്ച് പോകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ പിന്തുണ ഇവർക്കൊപ്പമാണ്. പുതിയ ഗ്രൂപ്പ് മാറ്റങ്ങൾ ജില്ലയിലെ താഴേതട്ടിലുള്ള പുനഃസംഘടനയിൽ പ്രതിഫലിക്കും.

Tags:    
News Summary - An inevitable change happens inside Congress party in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.