നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷണം നടത്തും -മന്ത്രി

തിരുവനന്തപുരം: ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സർവേ നമ്പരുകളിലെ ഭൂമി അന്യാധീനപ്പെടുവെന്ന് ചൂണ്ടിക്കാട്ടി നഞ്ചിയമ്മ പരാതി നൽകിയിട്ടുണ്ടെന്ന് കെ.കെ. രമക്ക് നിയമസഭയിൽ മന്ത്രി കെ. രാജൻ രേഖാമൂലം മറുപടി നൽകി.

ഈ ഭൂമി തട്ടിയെടുക്കുന്നതിന് മാരിമുത്തുവിന്റെ പേരിൽ വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 20 ലെ ടി.എൽ.എ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ, മരുതി, കുമരപ്പൻ എന്നിവർ ആവശ്യപ്പെട്ടു. 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് ഏഴ് (അഞ്ച്) പ്രകാരം പാലക്കാട് കലക്ടർക്ക് അപ്പീൽ നൽകി. തുടർന്ന് കലക്ടർ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകി. 2022 ആഗസ്റ്റ് 10ന് വിചാരണ നടത്തിയെങ്കിലും മാരിമുത്തു എത്തിയില്ല. അടുത്ത വിചാരണ സെപ്തംബർ 13ന് നടത്താനും നോട്ടീസ് നൽകി.


 

വ്യാജ രേഖ ചമച്ച കേസുകളിൽ സാധാരണ സിവിൽ-ക്രിമിനൽ നടപടികളാണ് സീകരിക്കുന്നത്. എന്നാൽ നഞ്ചിയമ്മയുടെ കേസിൽ പട്ടികവർഗ ഭൂമി കൈമാറ്റം സംബന്ധിച്ച് 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയമവും പുനരവകാശ സ്ഥാപനവും നടപടി സീകരിക്കുന്നതാണ്.


 


അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ സർക്കാറിന് പരാതി നൽകിയിരുന്നു. ജി.പി. ശെൽവരാജ് എന്നയാളിൽ നിന്നും ഒസ്യത്തുകളുണ്ടാക്കി വ്യാജ രേഖകൾ ചമച്ചതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരിധിയിൽ കൂടുതൽ ഭൂമിക്ക് രേഖകളുണ്ടാക്കി കൈവശം വെയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്ത വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എം. സുകുമാരൻ സർക്കാറിന് നൽകിയ പരാതി പരിശോധിച്ച് നിയമാനുസരണം നടപടികൾ സ്വീകരിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - An inquiry will be made into the encroachment of Nanjiamma's family land - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.