ആർ.എസ്.എസിനെ കുറിച്ച് ഷംസീർ പ്രതികരിച്ചത് വളരെ കൂളായി; പിണറായി പറയുകയാണെങ്കിൽ അതിൽ അതിശയമില്ല -കെ.എം. ഷാജി

കോഴിക്കോട്: ആർ.എസ്.എസിനെ കുറിച്ച് വളരെ കൂളായാണ് സ്പീക്കർ എ.എൻ. ഷംസീര്‍ പ്രതികരിച്ചതെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി വിജയൻ പറയുകയാണെങ്കിൽ അതിൽ അതിശയമില്ല. ആദ്യത്തെ തെരഞ്ഞെടുപ്പിൽ പിണറായി ജയിക്കുന്നത് ആർ.എസ്.എസ് വോട്ട് വാങ്ങിയാണെന്ന് പിന്നീട് കേരളം കണ്ടതാണെന്നും കെ.എം. ഷാജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്കിടയിൽ ആർ.എസ്.എസ് നുഴഞ്ഞുകയറുന്നുവെന്ന ആരോപണത്തിൽ അതിഭീകരമായ നിശബ്ദതയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം നിസാരമായി കാണാനാവില്ല. മുഖ്യമന്ത്രി സംസാരിക്കുക എന്നത് ഔദാര്യമല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

ആർ.എസ്.എസ് രൂപീകരിച്ച ശേഷം എല്ലാ സംസ്ഥാനങ്ങളിലും ഒരു ഡീപ് സ്റ്റേറ്റ് പ്രൊജക്ട് നടപ്പാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോഴാണ് കേരളത്തിൽ ഡീപ് സ്റ്റേറ്റ് പ്രൊജക്ട് ആരംഭിക്കുന്നത്. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ തരംഗ സമാനമായാണ് ആർ.എസ്.എസ് വളർന്നത്. എന്നാൽ, 82 ശതമാനം ഹിന്ദുക്കളുള്ള കർണാടക മറ്റൊരു തരംഗത്തിൽ കോൺഗ്രസിനൊപ്പം നിന്നു. കേരളത്തിൽ ഈ വർഗീയത ഒരു തരംഗം കൊണ്ടുവരികയോ ഇല്ലാതെ പോവുകയോ ചെയ്യില്ല. വിദ്യാഭ്യാസമുള്ള സമൂഹമായത് കൊണ്ടാണിത്. അരിച്ചരിച്ച് വരുന്ന വർഗീയതക്കെതിരെ യു.ഡി.എഫും എൽ.ഡി.എഫും അടങ്ങുന്ന സമൂഹം ഒരു സാംസ്കാരിക പ്രതിരോധം തീർത്തിരുന്നു.

ബി.ജെ.പിയുടേത് ഹിന്ദു സ്നേഹമല്ലെന്നും ഹിന്ദുത്വ അജണ്ടയുള്ള രാഷ്ട്രീയമാണെന്ന് താൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അജണ്ട നടപ്പാക്കാനാണ് മോദി വികസനത്തെ കുറിച്ച് സംസാരിക്കുന്നത് സാമ്രാജത്വ ശക്തികൾക്ക് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. അത് രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി അന്ന് നികേഷ് കുമാർ വളച്ചൊടിച്ച് വലിയ വാർത്തയാക്കി. ആർ.എസ്.എസിന് അനുകൂലമെന്ന് തോന്നാവുന്ന പ്രയോഗങ്ങൾ പോലും അപകടകരമെന്നാണ് മലയാളികൾ കണ്ടിരുന്നതെന്നും അത് സാംസ്കാരിക പ്രതിരോധമായിരുന്നുവെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ ഇന്നലെ കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. വ്യക്തികൾ പരസ്പരം കാണുന്നതിൽ തെറ്റില്ലല്ലോ. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അജിത് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു.

കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടതില്ല. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിന്‍റെ പ്രധാനപ്പെട്ട രണ്ടു നേതാക്കളെ എ.ഡി.ജി.പി കണ്ടതിൽ അപാകതയില്ലെന്നും എ.എൻ. ഷംസീർ വ്യക്തമാക്കിയിരുന്നു.

അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്ക് ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ആര്‍.എസ്.എസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - AN Shamseer responded very coolly about RSS -KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.