കൊല്ലം: ആത്മവിശ്വാസത്തിന്റെ ഉച്ചകോടിയിൽ നിന്നവർക്ക് അടിയൊഴുക്കിലൂടെ അപ്രതീക്ഷിത തിരിച്ചടി നൽകിയ ചരിത്രമാണ് കൊല്ലം മണ്ഡലത്തിന്റേത്. എസ്. കൃഷ്ണകുമാറെന്ന ഐ.എ.എസുകാരനെ മൂലക്കിരുത്തിയാണ് പ്രേമചന്ദ്രൻ പാർലമെന്റിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്.
പിന്നീട് പി. രാജേന്ദ്രൻ എന്ന സി.പി.എമ്മിന്റെ സിറ്റിങ് എം.പിയുടെ അമിത പ്രതീക്ഷക്ക് തിരിച്ചടി നൽകി എൻ. പീതാംബരക്കുറുപ്പ് മണ്ഡലം പിടിച്ചു. ശേഷം പ്രേമചന്ദ്രൻ രണ്ടുതവണ വിജയം നേടിയതും അതികായരായ എം.എ. ബേബിയെയും കെ.എൻ. ബാലഗോപാലിനെയും അട്ടിമറിച്ചാണ്.
പ്രേമചന്ദ്രന് അത്ര പരിചയമില്ലാത്ത പോർമുഖംകുടിയാണ് ഇക്കുറി തുറന്നിരിക്കുന്നത്. മുകേഷ് രാഷ്ട്രീയമല്ല പറയുന്നത്, കഥകളും തമാശകളുമാണ്, ഒപ്പം കൊല്ലത്തെ ബ്രാൻഡ് ചെയ്യുന്ന വാചക കസർത്തും. അതു കേൾക്കാൻ ആളും കൂടുന്നുണ്ട്. അതിലേറെയും സ്ത്രീകളും യുവാക്കളുമാണ്. രാഷ്ട്രീയം പറയാൻ മുകേഷിനൊപ്പം പാർട്ടി നേതാക്കളുണ്ട്.
പ്രേമചന്ദ്രൻ പറയുന്നത് രാഷ്ട്രീയമാണ്. അതു വേണ്ടാത്തവരെ ആകർഷിക്കാൻ അദ്ദേഹത്തിന്റെ കൈയിൽ ഒന്നുമില്ല. ഇത്തരമൊരു പ്രതിസന്ധിയെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രേമചന്ദ്രൻ ഒരുപക്ഷേ ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. അത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ നാവിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അസ്തിത്വ പരാമർശംപോലും ഒരു ചാനലിന് മുന്നിൽ നടത്തിയത് ഈ ആശങ്കയിൽനിന്നാണന്ന് സംശയിക്കേണ്ടതുണ്ട്. ഏഴിൽ ആറ് നിയമസഭ മണ്ഡലങ്ങളും കൈവശമുള്ള എൽ.ഡി.എഫിന് സ്ഥിതിവിവരക്കണക്കുകൾ അനുകൂലമാണ്.
അതിനെ എല്ലാം മറികടന്ന് വ്യക്തിപരമായി ആർജിച്ചെടുക്കുന്ന വോട്ടുകളാണ് പ്രേമചന്ദ്രനെ വിജയിപ്പിക്കുന്നത്. അതിൽ ഉലച്ചിൽ ഉണ്ടാക്കാൻ മുകേഷിന്റെ സ്ഥാനാർഥിത്വത്തിലൂടെ ഇടതിന് കഴിഞ്ഞു എന്നുവേണമെങ്കിൽ പറയാം.
എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ സാന്നിധ്യം മണ്ഡലമാകെ പ്രതിഫലിക്കപ്പെട്ടിട്ടില്ല. ഏറെ വൈകി കെട്ടിയിറക്കപ്പെട്ടതിനാലാകും ബി.ജെ.പി പ്രവർത്തകർ ഉണർന്നിട്ടുമില്ല. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ സഹായത്താലും വാഹനങ്ങൾ ഉൾപ്പെടെ മറ്റുജില്ലകളിൽനിന്ന് എത്തിച്ചും കൃഷ്ണകുമാർ ഓടിയെത്താൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ഒരു ലക്ഷമുള്ള വോട്ടു വിഹിതം വർധിപ്പിക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതും ദോഷം ചെയ്യുക പ്രേമചന്ദ്രനായിരിക്കും.
ജാതി മത വികാരങ്ങളുടെ തിമിരം ബാധിക്കാത്ത മണ്ഡലമാണെങ്കിലും കണക്കിൽ ഈഴവ-നായർ-മുസ്ലിം വോട്ടുകൾ ഏതാണ്ട് തുല്യമാണ് കൊല്ലത്ത്. പൊതുവിൽ ഇടതിന് അനുകൂലമായ ഈഴവ വോട്ടുകൾ കൂടുതൽ ഏകീകരിക്കാൻ മുകേഷിലൂടെ അവർ ലക്ഷ്യമിടുന്നു.
ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയുള്ള ഈഴവ വോട്ടുകളും മുകേഷിലൂടെ തടയപ്പെടും. ന്യൂനപക്ഷവോട്ടുകൾക്ക് പുറമെ, നായർ വോട്ടുകളുടെ ഏകീകരണം എപ്പോഴും പ്രേമചന്ദ്രന് അനുകൂലമാകാറുണ്ട്. കൃഷ്ണകുമാറിന്റെ സാന്നിധ്യം അതിനെ കുറച്ചൊക്കെ തടയാം.
ന്യൂനപക്ഷ വിഭാഗത്തിന്റെ രാഷ്ട്രീയ വോട്ടുകൾ ഒഴിച്ച് പൊതുവെ പ്രേമചന്ദ്രനെയാണ് തുണക്കുന്നതെങ്കിലും മോദിയോടൊപ്പം വിരുന്നുണ്ട സംഭവം കത്തിച്ചുനിർത്തി അവരിൽ ചിലരെയെങ്കിലും സന്ദേഹികളാക്കാൻ എൽ.ഡി.എഫ് പ്രചാരണത്തിന് സാധ്യമായിട്ടുണ്ട്. എന്നാൽ, പൗരത്വ ഭേദഗതി നിയമവും മണിപ്പുർ പ്രശ്നവുമൊക്കെ പാർലമെന്റിൽ കൈകാര്യം ചെയ്തത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.