തിരുവനന്തപുരം: ഒരു മുന്നറിയിപ്പുമില്ലാതെ അനന്തപുരി എഫ്.എം നിർത്തി. 'ആകാശവാണി വിവിധ ഭാരതി മലയാളം'എന്ന പേരിലാണ് റേഡിയോ ചാനൽ. ജനുവരി മുതൽ പുതിയ രൂപത്തിലെന്നാണ് ഔദ്യോഗിക വിശദീകരണം.
മുഴുവൻ നിയന്ത്രണവും മുംബൈ വിവിധ് ഭാരതിക്ക്. ശ്രോതാക്കൾ ഏറെയുണ്ടായിരുന്ന പ്രൈം പരിപാടികൾക്കു പകരം ഹിന്ദി പരിപാടികൾക്കും മറ്റ് റിലേ പരിപാടികളും കുത്തിനിറച്ചു. മറ്റ് സംസ്ഥാന തലസ്ഥാന നഗരങ്ങളിലെ എഫ്.എം സ്റ്റേഷനുകളെ തൊടാതെയാണ് തിരുവനന്തപുരത്തെ അനന്തപുരി എഫ്.എമ്മിന് താഴിട്ടത്. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങളിൽ ഒരാൾ പോലും ഇടപെട്ടില്ല എന്നതും ചർച്ചയായിട്ടുണ്ട്.
2005 നവംബർ ഒന്നിനാണ് അനന്തപുരി എഫ്.എം പ്രക്ഷേപണം ആരംഭിച്ചത്. തലസ്ഥാന നഗരത്തിൽ സമാനമായി പ്രവർത്തിച്ചുവന്ന മറ്റ് സ്വകാര്യ എഫ്.എം ചാനലുകളെ കിടപിടിക്കുന്ന സാങ്കേതിക മികവോടെയാണ് ചാനൽ സഹൃദയമനസ്സ് കീഴടക്കിയത്. ഗ്രാമീണജനതയുടെ സ്പന്ദനംകൂടിയായിരുന്നു അനന്തപുരി എഫ്.എം.
കോവിഡ് കാലത്ത് അനന്തപുരി കേൾവിക്കാരുടെ എണ്ണത്തിൽ വലിയ വർധനയുമുണ്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഏതാണ്ട് 45 ലക്ഷത്തോളം ശ്രോതാക്കളുമുണ്ട്. ഹിന്ദി പരിപാടികൾക്കും റിലേ പരിപാടികൾക്കും ഇപ്പോൾ പ്രാമുഖ്യം നൽകിയതോടെ തികച്ചും വിരസവും അനാകർഷകവുമായി മാറി.
പ്രാദേശിക ചാനലുകളെ ദേശീയവത്കരിച്ച് ഏകീകൃത രൂപത്തിലാക്കാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണെന്നും ദേശീയതലത്തിൽ നിരവധി റേഡിയോ ടെലിവിഷൻ ചാനലുകളുള്ള സ്ഥിതിക്ക് പ്രാദേശിക ചാനലുകളെ ദേശീയവത്കരിക്കേണ്ടതില്ലെന്നുമാണ് ശ്രോതാക്കളുടെ പ്രതികരണം. തമിഴ്നാടുപോലെ ജനങ്ങൾ എതിർക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക ചാനലുകളെ പഴയത് പോലെ തുടരാൻ അനുവദിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ചാനൽ മാറ്റത്തിനെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.