തിരുവനന്തപുരം: ഡോളർ കടത്തു കേസ് പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ വിനോദിനി കോടിയേരി ഉപയോഗിച്ചെന്ന കസ്റ്റംസിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആനത്തലവട്ടം ആനന്ദൻ. കസ്റ്റംസിന്‍റെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആനത്തലവട്ടം ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വാർത്തകൾ പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസ് വിളിച്ചെന്ന് കരുതി വിനോദിനി പ്രതിയാകണമെന്നില്ലല്ലോ എന്നും ആനത്തലവട്ടം ചോദിച്ചു.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന വിവരം കസ്റ്റംസ് ആണ് പുറത്തുവിട്ടത്. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചത്. വിനോദിനിക്ക് ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസും നൽകിയിട്ടുണ്ട്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്സിം കാർഡും കസ്റ്റംസ് കണ്ടെത്തിയെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഫോണിൽ നിന്ന് വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്ത് വിവാദമാകും വരെ വിനോദിനി ഐഫോൺ ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.