കണ്ണൂർ: അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്മെൻറ് സെൻറര്‍ മെഡിക്കല്‍ കോളജ് മാനേജ്മെൻറിന് വ്യവസ്ഥകളോടെ കൈമാറി. ഹൈകോടതി നിര്‍ദേശപ്രകാരമാണ് നടപടി. സെൻറർ തിരിച്ചുനൽകി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവായി.
മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് ഹൈകോടതിയുടെ നിര്‍ദേശം. കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പൂര്‍ണ നിയന്ത്രണം കോളജ് അധികൃതര്‍ക്ക് കൈമാറാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി തയാറാണെന്ന് കലക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈകോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇതേതുടര്‍ന്നാണ് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോടെ കലക്ടര്‍ ഉത്തരവിറക്കിയത്.
കോളജ് അധികാരികള്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും കോവിഡ് ചികിത്സയും സംബന്ധിച്ച് വിശദമായ കര്‍മപദ്ധതി തയാറാക്കി ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കേണ്ടതാണ്. ആശുപത്രി മാനേജ്മെൻറിെൻറ നേതൃത്വത്തില്‍ കുറഞ്ഞത് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കണമെന്നും 15 ഐ.സി.യു കിടക്കകളും അഞ്ച് വെൻറിലേറ്ററുകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രി പ്രവര്‍ത്തനം സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് നടത്തേണ്ടതാണ്. ജീവനക്കാര്‍ക്ക് കോവിഡ് ചികിത്സക്കാവശ്യമായ പരിശീലനം നല്‍കണം.
ഇത് പൂര്‍ത്തിയാകുന്നമുറക്ക് നിലവില്‍ കോവിഡ് ചികിത്സക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരെ പിന്‍വലിക്കാം. നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളെ മെഡിക്കല്‍ കോളജ് സൗജന്യമായിതന്നെ തുടര്‍ന്നും ചികിത്സിക്കണം. കൈമാറ്റത്തിനുശേഷം പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍നിന്ന് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെ.എ.എസ്.പി) നിരക്ക് മാത്രമേ ഈടാക്കാവൂ. ആശുപത്രിയെ കെ.എ.എസ്.പി പദ്ധതിയിൽ എംപാനല്‍ ചെയ്യും. ജില്ല ആരോഗ്യ വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടറുടെ നേതൃത്വത്തിലാണ് നേരേത്ത മെഡിക്കൽ കോളജ് ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെൻറ് സെൻററാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.