ആലപ്പുഴ: ക്ഷേത്ര പ്രതിഷ്ഠക്കുള്ള അവകാശം ബ്രാഹ്മണന് മാത്രമാണെന്ന വിശ്വാസത്തെ പാടെ നിരാകരിച്ച് 1888 ൽ അബ്രാഹ്മണനായ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ കേരളീയ നവോത്ഥാനത്തിന് വിത്ത് പാകിയപ്പോൾ പതിറ്റാണ്ടുകൾക്കിപ്പുറം അബ്രാഹ്മണനായ മറ്റൊരു യുവാവ് രചിക്കുന്നത് ചരിത്രം.
കായംകുളം ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി കളത്തൂർപടീറ്റതിൽ അശോകെൻറയും മണിയുടെയും മകൻ അനീഷ് തിരുമേനിക്ക് പ്രായം 27. പ്രതിഷ്ഠയും പുനഃപ്രതിഷ്ഠയുമായി ഇതിനകം മുപ്പതിലേറെ ക്ഷേത്രങ്ങളിൽ അദ്ദേഹം തെൻറ തന്ത്രവിദ്യാഞ്ജാനം പ്രാവർത്തികമാക്കി.
പ്ലസ്ടു സയൻസ് കോഴ്സിന് ശേഷം ഫയർആൻഡ് സേഫ്റ്റി പഠിച്ച അനീഷിന് ഗൾഫിലായിരുന്ന പിതാവിെൻറ പാതയിൽതന്നെ പോകാനായിരുന്നു താൽപര്യം. പക്ഷെ പൂർവികർ സ്വായത്വമാക്കിയിരുന്ന തന്ത്രവിദ്യയിയിൽ പ്രാവീണ്യം നേടണമെന്ന ആഗ്രഹം പ്രയാർ നവമഠം കെ.ആർ. ഗോപാലകൃഷ്ണൻ തന്ത്രികളുടെ അടുത്ത് എത്തിച്ചു.
അവിടത്തെ പഠനശേഷം ആലപ്പുഴ കിടങ്ങാംപറമ്പ് സുമേഷ് തന്ത്രികളുടെ അടുത്തെത്തി. ഇരു ഗുരുക്കന്മാരും താളിയോലകളിൽനിന്ന് പകർന്ന് നൽകിയ തന്ത്രവിദ്യാ സമ്പ്രദായത്തിലെ അറിവുകൾ ഈ യുവാവിനെ ഭക്തിക്കും വിശ്വാസത്തിനും അപ്പുറമുള്ള ജ്ഞാനത്തിെൻറ ഉന്നതതലങ്ങളിലെത്തിച്ചു. 18ാം വയസ്സിൽ ആദ്യഗുരുവിൽനിന്ന് ഉപനയനം കർമം കഴിഞ്ഞ് പൂണൂൽ സ്വീകരിച്ചു. തന്ത്രിപദവിയിൽ എത്തിയ ഈ യുവാവിനെ ഏവരും ബ്രഹ്മജ്ഞാനം മുൻനിർത്തി തിരുമേനിയെന്നാണ് സംബോധന ചെയ്യുന്നത്.
ഉഗ്രമൂർത്തികളായ സർപ്പങ്ങളും ശിവനും ഭദ്രകാളിയുമൊക്കെയായി വിവിധയിടങ്ങളിൽ നടത്തിയ ക്ഷേത്രപ്രതിഷ്ഠകൾ അനീഷിനെ തന്ത്രവിജ്ഞാന മേഖലയിൽ ശ്രദ്ധേയനാക്കി. തന്ത്രവിധികളിൽ മാറ്റം വരുത്താതെ അതിനായി നിഷ്കർഷിച്ച സമയമെടുത്ത് ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാൻ താനൊരുക്കമല്ലെന്ന് അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാരണത്താൽ തെൻറ കുലമോ ജാതിയോയെന്നും അറിവുള്ളവർ പ്രശ്നമാക്കാറില്ല. അതേസമയം മറിച്ചുള്ള അനുഭവങ്ങളുമുണ്ട്.
മാന്ത്രികവിദ്യയിലും ജ്ഞാനസമ്പാദനത്തിനുള്ള ശ്രമത്തിലാണ് അനീഷ്. എന്നാൽ, ദുഷ്കർമങ്ങളിൽ അധിഷ്ടിതമായ ആഭിചാരങ്ങളിൽ താനൊരിക്കലും പങ്കാളിയാവുകയില്ലെന്ന് അദ്ദേഹം പറയുന്നു. 11ശിഷ്യന്മാർ തന്ത്രവിദ്യ അഭ്യസിക്കാൻ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.