ദുരന്ത സഹായത്തിന് കൂലി: കേന്ദ്രത്തെ രാഷ്ട്രീയമായി നേരിടാനുറച്ച് സർക്കാർ, വെട്ടിലായി ബി.ജെ.പി

തിരുവനന്തപുരം: വയനാട് ദുരന്ത രക്ഷാപ്രവർത്തനത്തിനടക്കം കൂലിചോദിച്ച കേന്ദ്രനടപടിയെ രാഷ്ട്രീയമായി നേരിടാനുറച്ച് കേരളം. അപകട ഘട്ടത്തിലെ കൈത്താങ്ങിന് കണക്കുചോദിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നവരെന്ന നിലയിൽ ആയുധമാക്കാനാണ് നീക്കം.

പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശുകൂടി കേരളം കൊടുക്കേണ്ടിവരുമോയെന്ന മന്ത്രി പി. രാജീവിന്‍റെ പരിഹാസം കൂടിയായതോടെ, സർക്കാർ ലൈൻ ഏറക്കുറെ വ്യക്തമായി. കേന്ദ്ര ഗവൺമെന്‍റ് കേരളത്തോട് പകപോക്കുകയാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പണം ചോദിക്കൽ തിരിഞ്ഞുകൊത്തിയതോടെ, വെട്ടിലായ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. പണം അടക്കാൻ വേണ്ടിയല്ല, സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായ ആശയവിനിമയമാണെന്ന നിലയിലാണ് കേന്ദ്രനടപടിയെ സംസ്ഥാന നേതാക്കൾ വ്യാഖ്യാനിച്ച് ലഘൂകരിക്കാൻ ശ്രമിച്ചത്. പണം കേരളം അടക്കേണ്ടിവരില്ലെന്നും പ്രതിരോധവകുപ്പിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായ നീക്കുപോക്ക് മാത്രമാണെന്നുമായിരുന്നു വി. മുരളീധരൻ പ്രതികരിച്ചത്.

വയനാട് ദുരന്തത്തിൽ ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറും വിശദീകരിച്ചു. ഹെലികോപ്ടർ ഇറക്കിയതിന് പണം ചോദിച്ചത് വ്യാജ കഥയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രതിരോധം. എന്നാൽ, ഇതെല്ലാം തള്ളി കേരളം പണമടക്കണമെന്നു തന്നെയാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മും സർക്കാറും ആക്രമണമുന തിരിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉന്നതാധികാര സമിതി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യോമസേനയുടെ ബില്ലുകൾ സംസ്ഥാനം അടക്കണമെന്ന് വ്യക്തമാക്കിയത്. പലവട്ടം ആശയവിനിമയം നടത്തിയിട്ടും നിലപാട് മാറ്റിയിട്ടില്ല. പ്രളയകാലത്ത് വിതരണം ചെയ്ത അരിക്ക് പിന്നീട് ഭീഷണിപ്പെടുത്തി പണംവാങ്ങിയ അനുഭവവും കേരളത്തിന് മുന്നിലുണ്ട്. 2018-19ലെ പ്രളയകാലത്ത് അനുവദിച്ച 89,540 ടൺ അരിക്ക് 205.81 കോടിയാണ് ഈടാക്കിയത്. അടക്കാൻ വൈകിയപ്പോൾ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണമടപ്പിച്ചത്. ഇതടക്കം ഉന്നയിച്ചാണ് സർക്കാറും സി.പി.എമ്മും വിഷയം കേന്ദ്രത്തിനെതിരെ തിരിക്കുന്നത്.

കേന്ദ്രത്തിന്‍റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനം -ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രത്തിന്‍റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് റോളില്ലാത്തതാകാം അവഗണനക്ക് കാരണം. കേരളത്തിന് സഹായം ചെയ്യുന്നില്ലെന്ന് മാത്രമല്ല, അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്‍റെ നടനവൈഭവം കഴിഞ്ഞദിവസം പാർലമെന്‍റിൽ കണ്ടു. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Centre's demand for payment of ₹132 crore for kerala Disaster aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.