ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ തുടങ്ങും; 2.7 കി.മീറ്റർ ദൂരം, 50 മീറ്റർ വരെ ഉയരമുള്ള അഞ്ച് തൂണുകൾ

ശബരിമല: ശബരിമല റോപ് വേയുടെ നിർമാണം ജനുവരിയിൽ തുടങ്ങിയേക്കും. ഇതിനായി വനം വകുപ്പിന്റെ രണ്ട് അനുമതികൾകൂടി മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കാനുള്ളത്​.

ദേവസ്വം ഭൂമിയുടെ അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തർക്കം ഹൈകോടതി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. 4.5336 ഹെക്ടർ വനഭൂമിയാണ് പമ്പ-സന്നിധാനം റോപ് വേക്ക്​ ആവശ്യമായി വരുന്നത്. ഇതിന് പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യൂ ഭൂമി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ വനം വകുപ്പിന് സമ്മതപത്രം നൽകിയിട്ടുണ്ട്.

പെരിയാർ കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതി മാത്രമാണ് ആവശ്യമായുള്ളത്. ഇതിനുള്ള അപേക്ഷ ദേവസ്വം ബോർഡ് വനം വകുപ്പിന് നൽകിയിട്ടുണ്ട്. ഇതുകൂടി അനുകൂലമായാൽ ജനുവരിയിൽ നിർമാണം ആരംഭിക്കാനാണ് ബോർഡിന്റെ തീരുമാനം. പമ്പ ഹിൽ ടോപ്പിൽനിന്ന്​ സന്നിധാനത്തേക്ക് 2.7 കി.മീ. ദൂരമാണ് റോപ് വേക്കുള്ളത്.

40 മുതൽ 50 മീ. വരെ ഉയരമുള്ള അഞ്ച് തൂണുകൾ ഉണ്ടാകും. ഇതിനായി 80 മരങ്ങൾ മുറിക്കേണ്ടിവരും. റോപ് വേ തുടങ്ങുന്നത് പമ്പ ഹിൽ ടോപ്പിലെ പാർക്കിങ്​ ഗ്രൗണ്ടിൽനിന്നാണ്. ഇവിടം റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലാണ്. മുറിക്കേണ്ടിവരുന്ന മരങ്ങൾ പെരിയാർ കടുവ സങ്കേതകേന്ദ്രത്തിന്റെ പരിധിയിലും. പെരിയാർ കടുവ സങ്കേതകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 30-40 മീ. മാത്രമുണ്ടായിരുന്ന തൂണുകളുടെ ഉയരം വർധിപ്പിച്ചത്.

ആദ്യം 300 മരങ്ങൾ മുറിക്കേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ഇത് 80 ആക്കി ചുരുക്കി. വന്യജീവി ബോർഡാണ് റോപ് വേക്ക്​ അന്തിമാനുമതി നൽകേണ്ടത്. ദേവസ്വം ബോർഡിന്റെ പുതിയ രൂപരേഖ അംഗീകരിച്ച് വനം വകുപ്പ് കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. റോപ് വേ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സർവിസായും ഉപയോഗിക്കാനും സാധിക്കും.

Tags:    
News Summary - The construction of Sabarimala ropeway will start in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.