മെക് 7: മുഴുവൻ മനുഷ്യരും ഏറ്റെടുക്കേണ്ട വ്യായാമ മുറയെന്ന് വി.കെ. ശ്രീകണ്ഠൻ; ‘ജീവിതശൈലീ രോഗങ്ങൾക്ക് ഏറ്റവും വലിയ പ്രതിവിധി’

പട്ടാമ്പി: രാജ്യത്തെ മുഴുവൻ മനുഷ്യരും ഏറ്റെടുക്കേണ്ടതും വ്യാപിപ്പിക്കേണ്ടതുമായ വ്യായാമ മുറയാണ് മെക് 7 എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. മെക് 7 ഹെൽത്ത് ക്ലബ് പട്ടാമ്പി ഏരിയ ഉദ്ഘാടനം ഓങ്ങല്ലൂർ അൽഹുദ സ്കൂൾ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായക്കാർക്കും ലളിതമായി ചെയ്യാവുന്നതും ഏഴുതരം വ്യായാമ മുറകളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്തതുമായ 21 ഇനങ്ങളുടെ കൂട്ടായ്മയാണിത്. ജീവിതശൈലീ രോഗങ്ങൾക്ക് ഏറ്റവും വലിയ പ്രതിവിധി ഇത്തരം വ്യായാമമാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ വി. അലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ മുഖ്യാതിഥിയായി. ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ട്രെയിനർ ജിതേഷ് മക്കരപ്പറമ്പ്, ജില്ല കോഓഡിനേറ്റർ ജമാൽ പരവക്കൽ, മേഖല കോഓഡിനേറ്റർ സെയ്തലവി മുത്തു, ഇ.ടി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

അതിനിടെ, മെക് സെവനെതിരെ കഴിഞ്ഞ ദിവസം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ഇന്ന് നിലപാടിൽ മലക്കംമറിഞ്ഞു. മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാൽ, വ്യായാമ കൂട്ടായ്​മയായ മെക്​ 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

‘രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ ഇത്തരം പൊതുവേദികളിലും പൊതുയിടങ്ങളിലും അപൂർവം ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്​ലാമി, എസ്​.ഡി.പി.ഐ, സംഘ്​പരിവാർ തുടങ്ങിയ മതരാഷ്ട്ര വാദികളും മതമൗലിക വാദികളും നുഴഞ്ഞുകയറി അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്​. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കവും അനുവദിക്കില്ല. മെക് 7 ഒരു മുൻ സൈനികൻ രൂപകൽപന ചെയ്തതാണെന്നാണ് മനസ്സിലാക്കുന്നത്. അതിനുപിന്നിൽ ഇത്തരം അജണ്ടകളൊന്നും ഉണ്ടാവില്ല. അതിലേക്ക് അജണ്ടകളുമായി ആളുകൾ കടന്നുകൂടുമെന്നാണ് തങ്ങൾ പറഞ്ഞത്’ -പി. മോഹനൻ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണ്. മെക് 7നെക്കുറിച്ച് തങ്ങൾ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോയെന്നും പി. മോഹനൻ ചോദിച്ചു.

എന്താണ് മെക് 7?

വ്യത്യസ്തമായ ഏഴ് മുറകളിലൂടെ പരിശീലിപ്പിക്കുന്ന ‘മള്‍ട്ടി എക്സസൈസ് കോമ്പിനേഷന്‍’ ആണ് മെക് 7 എന്ന വ്യായാമ ശൈലി. എയ്റോബിക്, ലളിത വ്യായാമം, യോഗ, ശ്വസന വ്യായാമം, അക്യുപ്രഷര്‍, ഓര്‍മശക്തി വീണ്ടെടുക്കാന്‍ മെഡിറ്റേഷന്‍, ഫെയ്‌സ് മസാജ് എന്നീ ഏഴ് വിഭാഗങ്ങളിലായി 21 വ്യായാമ മുറകള്‍ ഇതില്‍ സംഗമിക്കുന്നു. വിമുക്തഭടൻ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി പെരിങ്കിടക്കാട്ട് സലാഹുദ്ദീനാണ് സ്ഥാപകൻ. മെക് 7 എന്താണെന്ന് പരിശോധിക്കുകയും പഠിക്കുകയും ചെയ്യാതെ അനാവശ്യ വിവാദം സൃഷ്ടിച്ചതും പലരും അത് ഏറ്റുപിടിച്ചതും ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ ഒരുതരത്തിലുമുള്ള ഉദ്ദേശ്യങ്ങൾ ഇതിലില്ല. മെക് 7 എന്ന സംവിധാനം അടുത്തറിഞ്ഞാല്‍ ഇത് ബോധ്യപ്പെടും. പ്രായവും വിശ്വാസവും മതവും രാഷ്ട്രീയവും നോക്കാതെ പുരുഷന്മാരും സ്ത്രീകളുമടക്കമുള്ള പതിനായിരങ്ങള്‍ മെക് 7 കൂട്ടായ്മകളുടെ ഭാഗമാണ്. ജീവിത ശൈലി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരാണ് നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുപിടിക്കാനുള്ള വ്യായാമ മുറകള്‍ നിത്യവും അഭ്യസിക്കാന്‍ തയാറായി രംഗത്തുവരുന്നവരില്‍ കൂടുതലും. അനുഭവസ്ഥരുടെ സാക്ഷ്യപത്രവും പരിശീലിച്ചവരെല്ലാം പരിശീലകരാകുന്നതും മാത്രമാണ് ഈ കൂട്ടായ്മയുടെ വളര്‍ച്ചയിലെ പ്രധാന ചാലക ശക്തി. ഒരുതരത്തിലുള്ള ഫീസും ഈടാക്കുന്നില്ല.

Tags:    
News Summary - mec 7 exercise is good for all -vk sreekandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.