'സമസ്തയെ ശുദ്ധീകരിക്കാൻ പുറത്തു നിന്നൊരു കമ്പനിക്കും കരാർ കൊടുക്കുന്നില്ല, അതും പറഞ്ഞാരും വരണ്ട'; ഹക്കീം ഫൈസിയെ പരിഹസിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: സമസ്തയിൽ ശുദ്ധീകരണം വേണമെന്ന് സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയുടെ പരാമർശത്തിന് മറുപടിയുമായി സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ശുദ്ധീകരിക്കാൻ ആർക്കും കരാർ കൊടുക്കുന്നില്ലെന്ന പരിഹാസ മറുപടിയാണ് ജിഫ്രി തങ്ങൾ നൽകിയത്.

"സമസ്തയെ ശുദ്ധീകരിക്കാൻ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നു. അങ്ങനെയാണ് പരസ്യം കണ്ടത്. അത് ശുദ്ധീകരിക്കാൻ പുറത്ത് ഒരു കമ്പനിക്ക് കരാർ നൽകാൻ ഉദ്യേശിക്കുന്നില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശുദ്ധീകരിക്കേണ്ട ആവശ്യം ഇപ്പോ ഇല്ല. പരസ്യം കൊടുത്തത് കൊണ്ട് പറയുകയാണ്, നിങ്ങൾ വേറെ വല്ല കമ്പനിയുമായി എഗ്രിമെ ന്റ് എഴുതികൊള്ളൂ. സമസ്തയിലേക്ക് ആരും ശുദ്ധീകരണ പ്രക്രിയയുമായി വരേണ്ട"- എന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്.  

അശുദ്ധി നിറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമസ്തയിൽ നടക്കുന്നതെന്നും പൊതുസമൂഹം ഇക്കാര്യം നേരിട്ട് മനസ്സിലാക്കിവരികയാണെന്നും ഇതിൽ ശുദ്ധീകരണം അനിവാര്യമാണെന്നുമാണ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത്. 

സമസ്ത പുരോഗമന ശൈലികളോട് വൈമുഖ്യം കാണിക്കുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവങ്ങളിൽനിന്ന് മാറി പുരോഗമന ശൈലി ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കണം. എല്ലാ തീവ്രവാദ നിലപാടുകൾക്കും എതിരായ വ്യക്തിയാണ് താനെന്നും സമസ്ത മുശാവറ അം​ഗം സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഹക്കീം ഫൈസി പറഞ്ഞു.

പാണക്കാട് കുടുംബത്തെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് സാദിഖലി തങ്ങൾക്കെതിരെ അടക്കം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ഐ.സിയുമായി ബന്ധപ്പെട്ട പരാതി ഇതുവരെ ചർച്ച ചെയ്യാൻ സമസ്ത തയാറായിട്ടില്ല. ഇക്കാര്യത്തിൽ സമസ്തക്ക് താൽപര്യമില്ലാത്തപോലെയാണ് അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ സമസ്ത നേതൃത്വത്തിന് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.

Tags:    
News Summary - Samasta President Muhammad Jifri Thangal responded to Hakeem Faizi's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.