കൊല്ലം: ജീവനക്കാരുടെ വിവിധ പ്രശ്നങ്ങളോട് സർക്കാറും മാനേജ്മെന്റും സ്വീകരിക്കുന്ന നിസ്സംഗതക്കെതിരെ കേരള ബാങ്കിൽ അമർഷം പുകയുന്നു. ഭരണപക്ഷ അനുകൂല സംഘടനയടക്കം സമരരംഗത്തേക്ക് നീങ്ങുന്ന സാഹചര്യമാണ്. കേരള ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ താൽപര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
ഭരണപക്ഷാനുകൂല സംഘടനയായ ബെഫിയുടെ നേതൃത്വത്തിലുള്ള കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഇരുപതിലേറെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലിന് തലസ്ഥാനത്തെ ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ രാപകൽ സത്യഗ്രഹസമരം നടത്താനുള്ള പ്രചാരണത്തിലാണിവർ. സെപ്റ്റംബർ എട്ടിന് ഏകദിന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, തസ്തികകൾ നിർണയിക്കുക, വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കുക, സ്ഥലംമാറ്റ നയത്തിലെ തൊഴിലാളി വിരുദ്ധത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
ട്രാൻസ്ഫർ പോളിസിയെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എതിർക്കുമ്പോൾ അനൂകൂല സമീപനമാണ് എ.ഐ.സി.ബി.ഇ.എഫ്-എ.ഐ.ബി.ഇ.എ നേതൃത്വത്തിലെ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിനുള്ളത്. ഇതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഇവർ സമരത്തിലേക്ക് നീങ്ങുന്നത്.
സ്ഥലംമാറ്റ നയം പൂർണതോതിൽ നടപ്പാക്കണമെന്നാണ് എംപ്ലോയീസ് കോൺഗ്രസിന്റെ ആവശ്യം. നടപ്പാക്കുമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകിയ സ്ഥലംമാറ്റ നിബന്ധനകൾ അട്ടിമറിക്കുന്ന സാഹചര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ച് തിരുവനന്തപുരം മേഖല ഓഫിസിനുമുന്നിൽ ആഗസ്റ്റ് മൂന്നിന് പ്രതിഷേധ ധർണ, 18ന് ജില്ല കേന്ദ്രങ്ങളിൽ ഏകദിന ഉപവാസം, സെപ്റ്റംബർ 20, 21 തീയതികളിൽ സെക്രേട്ടറിയറ്റിനുമുന്നിൽ രാപകൽ സമരം, ഒക്ടോബറിൽ പണിമുടക്ക് തുടങ്ങിയ സമര പരിപാടികളാണ് എംപ്ലോയീസ് കോൺഗ്രസ് ആസൂത്രണം ചെയ്തത്. അതേസമയം, സർവിസ് റൂൾ തയാറാക്കുക, 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശാഖകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുക തുടങ്ങിയ പൊതു ആവശ്യങ്ങളിൽപോലും അനുകൂല തീരുമാനം വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.