ഇത്തരം കേസുകള്‍ വിചാരണക്കെടുക്കുമ്പോള്‍ തള്ളിപ്പോകുന്നെന്ന് ആക്ഷേപം
എം. റഫീഖ്
ശംഖുംമുഖം: കോടതികളില്‍ നല്കുന്ന വലിയ കേസുകളുടെ ചാര്‍ജ് ഷീറ്റില്‍ എസ്.ഐ റാങ്കിലുള്ളവര്‍ ഒപ്പിടുന്നതിന് പകരം ഗ്രേഡ് എസ്.ഐമാരെ കൊണ്ട് ഒപ്പിടിവിക്കുന്നതിനെതിരെ സേനയില്‍ അമര്‍ഷം പുകയുന്നു. അബ്കാരി കേസുകളിലുൾപ്പെടെ പ്രിന്‍സിപ്പൽ എസ്.ഐമാരാണ് ചാര്‍ജ് കൊടുക്കേണ്ടത്.
എന്നാൽ, പലപ്പോഴും ഗ്രേഡ് എസ്.ഐമാരെ കൊണ്ടാണ് കൊടുപ്പിക്കുന്നത്. ഇത്തരം കേസുകള്‍ വിചാരണെക്കടുക്കുമ്പോള് തന്നെ തള്ളിപ്പോകുന്ന അവസ്ഥയാണെന്ന് വിമർശനമുയരുന്നു.
സർവിസില്‍ 25 വര്‍ഷം പിന്നിടുന്നവർക്ക് പൊലീസ് സേന നല്കുന്ന ആനുകൂല്യമാണ് ഗ്രേഡ് എസ്.ഐ പദവി. തോളത്ത് നക്ഷത്രങ്ങള്‍ കയറുന്നതല്ലാതെ വലിയ കേസുകളുടെ ചാര്‍ജ് ഷീറ്റില്‍ ഒപ്പിടുന്നതിനുള്ള അധികാരം ഇവർക്കില്ല. രേഖകളില്‍ ഇവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ്.
എന്നാല്‍, ഭാവിയില്‍ കോടതികള്‍ കയറിയിറങ്ങുന്നതിലെ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടിക്കണ്ട് പല സ്റ്റേഷനുകളിലും എസ്.ഐമാര്‍ ഗ്രേഡ് എസ്.ഐമാരെക്കൊണ്ട് ചാർജ് ഷീറ്റിൽ ഒപ്പിടുവിക്കുന്നുണ്ടത്രെ. മേലുദ്യോഗസ്ഥെൻറ നിര്‍ദേശം നിരസിക്കാനുള്ള മടികാരണം ഇവര്‍ ചാര്‍ജ് ഷീറ്റില്‍ ഒപ്പിട്ട് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. റോഡിലെ വാഹന പരിശോധനപോലും എസ്.ഐമാരുടെ നേതൃത്വത്തിലായിരിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും ഗ്രേഡ് എസ്.ഐമാരെ നിയോഗിക്കാറാണ് പതിവ്.
ഇത്തരം കേസുകളുടെ വിചാരണ വേളയില്‍ സാക്ഷിയായി എത്തേണ്ട ഗ്രേഡ് എസ്.ഐമാരോട് എതിര്‍ഭാഗം വക്കീല്‍ ചുമതല ചോദിക്കുമ്പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്നാണ് മറുപടി നല്‍കേണ്ടി വരുന്നത്. പലപ്പോഴും ഇത്തരം കാരണത്തിെൻറ പേരില്‍ കേസുകള്‍ തള്ളാറുണ്ട്. ഇത്തരം സംഭവങ്ങള്‍ പതിവായയോടെ ഗ്രേഡ് എസ്.ഐമാര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ ഇടപെടാത്ത അവസ്ഥയാണ്. സ്റ്റേഷനുകളുടെ ചുമതല ഇപ്പോള്‍ സി.ഐമാര്‍ക്കാണ്. സി.ഐമാരുടെ കീഴില്‍ സ്റ്റേഷനില്‍ രണ്ടില്‍ കുറയാതെ എസ്.ഐമാരുെണ്ടങ്കിലും ഇവര്‍ ചാര്‍ജുകളില്‍ ഒപ്പിടാറില്ല.
ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് നഗരത്തിലെ പ്രധാനപെട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കേസുകളുടെ ചാര്‍ജ് ഷീറ്റില്‍ ഒപ്പിടുന്നതിനും കേസുകള്‍ എടുക്കുന്നതിനും അധികാരമുണ്ടോയെന്ന് സിറ്റി പൊലീസ് കമീഷണറോട് രേഖമൂലം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ സ്റ്റേഷന് ഓഫിസര്‍മാര്‍ വാങ്ങി അന്വേഷണത്തിന് ഗ്രേഡ് എസ്.ഐമാര്‍ക്ക് കൈമാറാണ് പതിവ്. ഇവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കി സ്റ്റേഷന് ഓഫിസര്‍ക്ക് സമര്‍പ്പിക്കും.
അവര്‍ ഇത് പരിശോധിച്ചശേഷം ചാര്‍ജ് ഷീറ്റില്‍ ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍, സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്കിയതോടെയാണത്രെ പ്രിന്‍സിപ്പൽ എസ്.ഐമാര്‍ ചാര്‍ജില്‍ ഒപ്പിടാത്ത സ്ഥിതിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.