ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുന്നതിൽ തർക്കം. അർജുൻ, കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ നായിക് എന്നിവർക്കായി നടത്തുന്ന തിരച്ചിൽ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന നിലപാടിലാണ് നാവികസേനയും കർണാടക സർക്കാറും. വെള്ളിയാഴ്ച ഉച്ചക്കുശേഷം കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ രക്ഷാപ്രവർത്തക സംഘം ഇനിയും തിരച്ചിൽ നടത്തുന്നതിന്റെ അപ്രായോഗികത ഉന്നയിച്ചതായാണ് വിവരം. എന്നാൽ, കേരളത്തിന്റെ പക്ഷത്തുനിന്ന് സംസാരിച്ച മന്ത്രി റിയാസ്, തിരച്ചിൽ തുടരണമെന്നും പുതിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
അർജുൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ലോറിയുടെ കാബിൻ വെള്ളിയാഴ്ചയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കിയെങ്കിലും മനുഷ്യസാന്നിധ്യം പ്രകടമായിട്ടില്ല. ലോറിയുടെ സാന്നിധ്യം ഇതുവരെ കൃത്യമായി ഉറപ്പുവരുത്തിയിട്ടില്ല. വെള്ളിയാഴ്ച ഒരു ദൃക്സാക്ഷി രംഗത്തുവന്ന് ലോറി വീണ സ്ഥലം സിഗ്നൽ ലഭിച്ചിടമാണെന്ന് ഉറപ്പിച്ചത് പ്രതീക്ഷയേകുന്നുണ്ട്.
ജലനിരപ്പ് താഴ്ന്ന് അടിയൊഴുക്ക് കുറഞ്ഞാലേ രക്ഷാപ്രവർത്തനം ഫലവത്താവുകയുള്ളൂവെന്നും ഈ പ്രതിസന്ധികൾ കാരണം തിരച്ചിലുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് കർണാടക അധികൃതർ പറയുന്നത്. കൂടുതൽ പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരുടെ സേവനവും ലഭ്യമാകേണ്ടതുണ്ട്. മലയിൽ പെയ്യുന്ന മഴയാണ് നിലവിൽ പുഴയിലെ കുത്തൊഴുക്കിന് കാരണം. തിരച്ചിലിന് പുതിയ ഉപകരണങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും കൃത്യതയില്ല. മുങ്ങൽ വിദഗ്ധർക്ക് ഉപയോഗിക്കാനുള്ള ഫ്ലോട്ടിങ് പാന്റൂൺ (ചങ്ങാടത്തിന് സമാനമായ ഉപകരണം) എത്തിക്കുന്നതിനെക്കുറിച്ചും ചർച്ചകളുണ്ട്. അത് എത്തിച്ചാലും കാലാവസ്ഥ കടമ്പകൾ മറികടക്കേണ്ടതുണ്ട്. ഈ പുഴയിൽതന്നെ നിരവധിപേരെ കാണാതായിട്ടുണ്ട് എന്ന വാദവും ഉയർത്തുന്നുണ്ട്. മന്ത്രി റിയാസ് ഷിരൂർ വിടുന്നതോടെ തിരച്ചിൽ നിലക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.