എ.സി മൊയിതീനെതിരായ ആരോപണത്തിൽ ഉറച്ച്​ നിൽക്കുന്നു -അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണത്തിൽ മന്ത്രി എ.സി. മൊയ്​തീൻ രണ്ട് കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ച്​ നിൽക്കുന്നുവെന്ന് അനിൽ അക്കര എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസ്.

താൻ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാൽ, ജനപ്രതിനിധിയായ തന്നെ മന്ത്രി അപമാനിച്ചു. താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ പദ്ധതി തന്നിൽനിന്നും മറച്ചു വെച്ചു. യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസൻറ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചുവെന്നും അനിൽ ചോദിച്ചു.

ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ അഴിമതി ആരോപണമുന്നയിച്ച അനിൽ അക്കരക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി എ.സി. മൊയ്തീൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എം.എൽ.എ. ഭവന സമുച്ചയം നിർമിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ താൻ രണ്ട് കോടി വാങ്ങിയെന്ന എം.എൽ.എയുടെ ആക്ഷേപം വസ്തുതാ വിരുദ്ധവും നട്ടാൽ കുരുക്കാത്ത നുണയുമാണെന്ന് മന്ത്രി പറഞ്ഞു.

സ്വന്തം കഴിവുകേടുകൾക്ക് തടയിടാൻ തെളിവുകളില്ലാത്ത ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ പോലും എം.എൽ.എ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചില്ല. നിയമസഭയിൽ അവിശ്വാസ പ്രമേയ സമയത്ത് പ്രതിപക്ഷത്തുള്ള ഒരാൾ പോലും ഈ വിഷയം ഉന്നയിക്കാതിരുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ബോധമുള്ളതു കൊണ്ടാണ്.

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മിക്കാൻ റെഡ്ക്രസന്‍റ് കരാർ നൽകിയ യൂണിടാക്ക് കമ്പനിക്കാരനെ തനിക്ക് അറിയില്ല. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്തതാണ്. ഫ്ളാറ്റ് നിർമ്മാണം തകർക്കാനാണ് എം.എൽ.എയുടെ ശ്രമം. കലത്തിൽ തൊട്ട് നോക്കുന്നത് പോലെയാണ് ഫ്ളാറ്റിൽ തൊട്ട് ഗുണനിലവാരം പരിശോധിക്കുന്നതെന്നും മന്ത്രി മൊയ്തീൻ ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.