തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിലെ സതീർഥ്യെൻറ നിര്യാണം ഏൽപ്പിച്ച ആഘാതത്തിലാണ് നാടക സംവിധായകൻ ദീപൻ ശിവരാമൻ. മികച്ച അഭിനേതാവെന്ന ഉന്നതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു നടൻ അനിൽ നെടുമങ്ങാടിനെ മരണം കവർന്നതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.''1997ൽ അനിലിനൊപ്പം ഞാനും തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലുണ്ടായിരുന്നു. എെൻറ ആറ് നാടകങ്ങളിൽ അനിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിയറ്ററിൽ കേരളത്തിലുണ്ടായ മികച്ച നടന്മാരിലൊരാളാണ് അനിൽ. സ്കൂൾ ഓഫ് ഡ്രാമ വിട്ട ശേഷവും ഞങ്ങൾ ബന്ധം തുടർന്നു.
2008ൽ സ്പൈനൽ കോഡ് എന്ന നാടകം ചെയ്തപ്പോൾ പ്രധാന വേഷം അനിലാണ് ചെയ്തത്. തുടർന്നാണ് അനിലും പങ്കാളിയായി തൃശൂർ കേന്ദ്രീകരിച്ച് 'ഓക്സിജൻ തിയറ്റർ കമ്പനി' വരുന്നത്. 2011ൽ പിയർ ഗിൻറായി പ്രധാന വേഷത്തിൽ അനിൽ അഭിനയിച്ചു. ഇടക്കാലത്ത് ചാനലുകളിൽ അവതാരകനായി പോയ അനിലിെൻറ രണ്ടാംവരവായിരുന്നു ആ കാലഘട്ടം. പിന്നീട് അഭിനയത്തിെൻറ ഗൗരവ മേഖലയിലേക്ക് തിരിച്ചുവന്നു. ഈ കാലത്താണ് പതിയെ സിനിമയിലേക്ക് ചുവടുവെക്കുന്നത്.
ഏറെ വൈകിയെങ്കിലും സിനിമക്കകത്ത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്ന സമയത്താണല്ലോ മരണം തിരിച്ചുവിളിച്ചത്. ഒരു പക്ഷേ ഗോപി, നെടുമുടി വേണു, മുരളി എന്നിവരുടെ റേഞ്ചിൽ അഭിനയിക്കാൻ സാധ്യതയുള്ള നടനായിരുന്നു അനിൽ. അവതാരകനായി തിളങ്ങിനിൽക്കവേ കണ്ടപ്പോൾ അനിൽ പറഞ്ഞിരുന്നു: 'ഇതുകൊണ്ട് ഒരു കാര്യവുമില്ലെടാ... നമ്മൾ എന്തെങ്കിലും ചെയ്ത് നിലനിൽക്കണ്ടേ എന്ന് വിചാരിച്ച് പോവുന്നതാണ്.' ആ നിരാശ നാടകങ്ങളിൽ കൂടുതൽ സജീവമായാണ് മറികടന്നത്. അന്ന് സിനിമ എന്നത് എത്തിപ്പിടിക്കാൻ കഴിയുന്നതിലുമപ്പുറത്തായിരുന്നു.'' -ദീപൻ ശിവരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.