കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസൺ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലും ഇയാൾ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമായിരുന്നു ചോദ്യം ചെയ്യൽ. ഇറ്റലിയിൽ താമസമാക്കിയ അനിത പുല്ലയിൽ അടുത്തിടെ കേരളത്തിലെത്തിയതോടെ രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകി കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തുകയായിരുന്നു.
മോൻസണിന്‍റെ മുൻ സുഹൃത്തായിരുന്ന അനിത പുല്ലയിലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അനിത മോൻസണിനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി. ഇതിൽ അനിതയ്‌ക്കെതിരെ കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്യുകയും ഓൺലൈനിലൂടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇരയാണെന്ന് അറിയാതെയാണ് താൻ അത്തരത്തിലൊരു പരാമർശം നടത്തിയതെന്ന് അനിത പുല്ലയിലിൽ മൊഴി നൽകിയെന്നാണ് വിവരം.
മൊഴി പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ അറസ്റ്റടക്കമുള്ള നടപടികളുണ്ടായിട്ടില്ല. അനിതക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരെയടക്കം മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഇവരാണെന്നും ആക്ഷേപമുണ്ടായിരുന്നു. മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അനിതയുടെ മൊഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തലുകളും പരിശോധിച്ച് പൊരുത്തക്കേടുകൾ മനസ്സിലാക്കി അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.
അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പ്രവാസി സംഘടനകൾക്കെല്ലാം ഓപ്പൺ ഫോറത്തിന്‍റെ പാസ് നൽകിയിരുന്നതായും അങ്ങനെയാകാം അനിത എത്തിയതെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകുന്ന മറുപടി.
താൻ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനാണ് വന്നതെന്ന് അനിതയും പറഞ്ഞു. ലോക കേരള സഭയുടെ സെഷനുകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രതി മോൻസൺ മാവുങ്കലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. വിയ്യൂർ ജയിലിലായിരുന്ന മോൻസണെ കൊച്ചിയിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പലരും ബിനാമി പേരുകളിലാണ് മോൻസൺ മാവുങ്കലിന് പണം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആരൊക്കെയാണ് പണം നൽകിയതെന്നതടക്കം പുരാവസ്തു സാമ്പത്തിക ഇടപാടിലെ കൂടുതൽ വിശദാംശങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.
മോൻസണിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കേസിലെ ആരോപണവിധേയരായ പലരെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ അടുത്ത നീക്കം. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്.
വിദേശ പ്രതിനിധികളെയും പ്രമുഖരയുമടക്കം മോൻസണ് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്ന് കണ്ടെത്തലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.