തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ കേസിലെ ഒമ്പത് പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന എം.എം. മണിയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്.
അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം ആലപ്പുഴ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം 2015 നവംബര്‍ 18ന് നെടുങ്കണ്ടം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഉടുമ്പന്‍ചോല മാട്ടുതാവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഒയ്യാരത്ത് ഒ.ജി. മദനന്‍ എന്നിവരായിരുന്നു യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. ആദ്യം കുട്ടനെയും മദനനെയും 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് എം.എം. മണിയെയും അറസ്റ്റ് ചെയ്തു. മുമ്പ് വെറുതെവിട്ട ഒമ്പത് പ്രതികളില്‍ ഒരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കേസിലായിരുന്നു അറസ്റ്റ്.
റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ് ജയിലിലത്തെിയ മണി 44 ദിവസത്തിന് ശേഷമാണ് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യം നേടി പുറത്തിറങ്ങിയത്. 2016 ജനുവരി 28ന് കേസ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2016 മാര്‍ച്ച് 29നാണ് തൊടുപുഴ കോടതിയില്‍ വിചാരണ ആരംഭിച്ചത്. അഡ്വ. സിബി ചേനപ്പാടിയായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍. ബേബിയെ വധിക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളികളായ അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, അന്നത്തെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.കെ. ദാമോദരന്‍, സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം. ജോസഫ് എന്നിവരെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കി.
പിന്നീട് രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും മണി ഹാജരായില്ല. തുടര്‍ന്ന് കോടതി താക്കീത് നല്‍കിയിരുന്നു. ഇതിനിടെ, മണി വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.