പുസ്തകോത്സവത്തിന് നിയമസഭ ഒരുങ്ങി

തിരുവനന്തപുരം: അക്ഷരസ്‌നേഹികളുടേയും പുസ്തകപ്രേമികളുടേയും ഹൃദയം കവരാനൊരുങ്ങി കേരള നിയമസഭ. ജനുവരി ഏഴ് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കാനായി നിയമസഭാ വളപ്പും സമുച്ചയവും ദീപാലംകൃതമാക്കിയിട്ടുണ്ട്.

വായനയാണ് ലഹരി എന്ന പ്രമേയത്തിലൊരുങ്ങുന്ന പുസ്തകോത്സവത്തില്‍ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്ത മുഖപ്പോടെയാണ് നിയമസഭാ സമുച്ചയത്തിനുള്ളിലെ ഫെസ്റ്റിവല്‍ ഓഫീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിയമസഭാ സമുച്ചയത്തിനുള്ളിലെ പ്രധാനവേദികളായ ശങ്കരനാരായണന്‍ തമ്പി ഹാളും അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ പവിലിയനും നിയമസഭക്കു മുന്നിലെ സ്റ്റുഡന്റ്‌സ് കോര്‍ണറും സജ്ജമായി.

പ്രസാധകരുടെ പരിപാടികള്‍ക്കായുള്ള നിയമസഭയുടെ വലതും ഇടതും ഭാഗത്തായുള്ള രണ്ട് വേദികള്‍, പുസ്തക ചര്‍ച്ചകള്‍ക്കായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലെ ഹാള്‍ അഞ്ച് ഇ , ബുക്ക് ഒപ്പിടലിന് നിയമസഭാ കവാടത്തിലുള്ള പ്രത്യേക വേദി ഉള്‍പ്പെടെ ഏഴ് വേദികളും പരിപാടികള്‍ക്കായി തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. വാര്‍ത്താവിതരണത്തിന് മീഡിയാ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന 250 സ്റ്റാളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റാളുകളുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ഈ പതിപ്പിലെ പ്രത്യേക ആകര്‍ഷണമായ സ്റ്റുഡന്റ്‌സ് കോര്‍ണറിന്റെ ഉദ്ഘാടനവും സിറ്റി റൈഡിന്റെ ഫ്‌ളാഗ് ഓഫും 11.30 ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ്‌കോര്‍ട്ടും ഒരുങ്ങിക്കഴിഞ്ഞു. നിയമസഭയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പുസ്തകമേളയുടെ രണ്ടു പതിപ്പിലും പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Assembly is ready for book festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.