പിണറായി വിജയൻ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരി; കാലം കണക്കു ചോദിക്കുമെന്ന് അൻവറിന്റെ അറസ്റ്റിൽ കെ.കെ. രമ

ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഭീരുക്കളായ ഭരണാധികാരികളുടെ രീതിയാണെന്നും പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് ഒരു ​ജനപ്രതിനിധിയെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തത് ഭീരുത്വമാണെന്നും കെ.കെ. രമ എം.എൽ.എ. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണെന്നാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും കാലം കണക്കു തീർക്കുമെന്നും കെ.കെ. രമ പറഞ്ഞു. പി.വി. അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.കെ. രമയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പിണറായി വിജയൻ, താങ്കൾ കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ്!! താങ്കളുടെ ഭീരുത്വത്തിന്റെ അടയാളയമാണ് പിവി.അൻവർ എം.എൽ.എയുടെ കാരാഗ്രഹവാസം!!..
ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഭീരുക്കളായ ഭരണാധികാരികളുടെ രീതിയാണ്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചാർത്തി ഒരു ജനപ്രതിനിധിയെ പാതിരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നു. മിസ്റ്റർ പിണറായി വിജയൻ താങ്കൾ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ ഭരണാധികാരിയാണെന്ന് പറയാതിരിക്കാൻ വയ്യ.
ആശയം കൊണ്ട് എതിരിട്ടവരെ ആയുധം കൊണ്ട് നേരിട്ട ഭീരുക്കളായ ഭരണാധിപൻമാരെ ചരിത്രത്തിൽ ഉടനീളം കാണാം. അധികാരമെന്നത് ആയുസു മുഴുവൻ കയ്യിലുണ്ടാവുമെന്നു കരുതിയ വിഡ്ഢികളായിരുന്നവർ..
ചരിത്രം പിന്നാമ്പുറത്തേക്ക് തള്ളിയവർ!!..
ഭരണകൂടം എന്നും മുഖ്യധാരയ്ക്ക് വെളിയിൽ നിർത്തിയ ആദിവാസി സമൂഹത്തിലെ ഒരു യുവാവാണ് കാട്ടാനയുടെ അക്രമത്തിൽ ഇല്ലാതായത്. പത്തു മണിക്കൂറിനുമേലെയാണ് ആ മൃതദേഹം ഇവിടുത്തെ അധികാരികളുടെ അനാസ്ഥയ്ക്കിരയായി ആശുപത്രിയിൽ കിടത്തിയത്. എന്നിട്ടും ഇതിനെതിരെ ഒരു ജനപ്രതിനിധി ശബ്ദിക്കേണ്ട എന്നാണോ? എന്താണ് ഈ അറസ്റ്റിലൂടെ നിങ്ങൾ മുന്നോട്ടു വെക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സന്ദേശം?
മണിയെന്ന ആദിവാസി യുവാവിന്റെ നീതിക്കുവേണ്ടി പ്രതിഷേധിച്ച പി.വി അൻവർ എം.എൽ.എയെ പാതിരാത്രി വീടുവളഞ്ഞു വലിയ പൊലീസ് സന്നാഹത്തോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ദിവസം തന്നെയാണ് പെരിയയിലെ രണ്ടു ചെറുപ്പക്കാരെ ക്രൂരമായി വെട്ടിക്കൊന്നതിന് കോടതി ശിക്ഷിച്ച കൊടും ക്രിമിനലുകളെ ആശ്ലേഷിച്ചും ഹസ്തദാനം നൽകിയും ഇൻക്വിലാബ് വിളികളോടെ സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ അടക്കമുള്ളവർ ജയിലിനു മുന്നിൽ സ്വീകരിച്ചത്. ഈ രണ്ടു കാഴ്ചയും ഒരേ ദിവസം കണ്ട കേരളമാണിത്. ആ കേരള ജനതയെ നോക്കി ജനകീയമെന്നോ ജനാധിപത്യമെന്നോ ഉള്ള വാക്കുകൾ ഇനി നിങ്ങൾ ഉച്ചരിക്കരുത്. നിസഹായരായ ജനതയുടെ മേൽ സിംഹാസനമിട്ട് പുച്ഛ ചിരിയോടെ വാണരുളുകയാണ് നിങ്ങൾ!!.. നിങ്ങളുടെ അഹന്തയ്ക്കും കൊല വാളുകൾക്കും ഇരയായവരുടെ ബന്ധുക്കൾ കോടതി വരാന്തകളിൽ നീതിക്കായി കൈ നീട്ടിയിരിക്കുമ്പോൾ അധികാരപ്രമത്തതയിൽ നിങ്ങളവരെ വേട്ടയാടുകയാണ്.
ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെയാണ് ജയിലറയ്ക്കുള്ളിൽ അടച്ചിരിക്കുന്നത്. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല!!. ഓർക്കണം, ഓർത്താൽ നന്ന്..

Tags:    
News Summary - KK Rama with Facebook post on Anwar's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.