മലപ്പുറം: ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി സർക്കാറുമായി കൊമ്പുകോർത്ത പി.വി. അൻവറിന് ജനകീയ വിഷയത്തിലെ അറസ്റ്റും റിമാൻഡും നേട്ടമായെന്ന് വിലയിരുത്തൽ. ആദിവാസി യുവാവ് മരിച്ചതിനെ തുടർന്നു നടന്ന പ്രതിഷേധ സംഭവങ്ങളുടെ തുടർച്ചയായാണ് അൻവർ അറസ്റ്റിലായത്.
നിലമ്പൂരിൽ ഫോറസ്റ്റ് ഓഫിസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തി എന്ന കേസിലാണ് ഞായാറാഴ്ച വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് അർധരാത്രി മജിസ്രേടറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. നാടകീയമായിരുന്നു അറസ്റ്റും തുടർ നടപടികളും. സർക്കാറിന്റെ പ്രതികാര അറസ്റ്റാണിതെന്ന പ്രതീതി അതിവേഗം പരന്നു. അറസ്റ്റും ജയിലിലടക്കലും ഇതിന് മുമ്പ് തന്നെ അൻവർ പ്രതീക്ഷിച്ചിരുന്നു.
ഒടുവിൽ അറസ്റ്റ് വരിക്കുമ്പോഴും ‘വില്ലൻ ഡയലോഗി’ൽ കുറവു വരത്തിയില്ല. പതിവുപോലെ പിണറായിയെ വെല്ലുവിളിക്കുകയും പുറത്തിറങ്ങിയാൽ പോരാട്ടം ശക്തമാക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്താണ് ജയിലിലേക്ക് പോയത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ ചങ്കൂറ്റം കാണിച്ചു എന്ന പേരിൽ കൂടിയാണ് അൻവറിന് സാധാരണക്കാരുടെ ഇടയിൽ വീരപരിവേഷം ലഭിച്ചിരുന്നത്. ഇപ്പോൾ അടിസ്ഥാന ജനവിഭാഗത്തിന്റെ ന്യായമായ വിഷയത്തിൽ സമരം ചെയ്ത് ജയിലിൽ പോവേണ്ടി വന്നു എന്ന ‘ഇമേജും’ ലഭിച്ചു.
പൊലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാവുന്ന കേസിൽ വീട് വളഞ്ഞ് അറസ്റ്റ് വേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തിന് സ്വീകാര്യതയേറി. യു.ഡി.എഫിന്റെ പിന്തുണ യഥാസമയം ലഭ്യമായതാണ് മറ്റൊരു നേട്ടം. മാധ്യമങ്ങൾ അകമഴിഞ്ഞ പിന്തുണയും നൽകി. ഡി.എം.കെ രൂപവത്കരണവും ഉപതെരഞ്ഞെടുപ്പിലെ പ്രകടനങ്ങളും വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഇപ്പോഴത്തെ സംഭവങ്ങൾ അൻവറിന് ഗുണകരമായി എന്നാണ് ഇടതുകേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നത്. അതേ സമയം അറസ്റ്റ് വരിച്ചശേഷം അദ്ദേഹം മതം പറഞ്ഞത് അപക്വമായിപ്പോയി എന്ന വിലയിരുത്തൽ വന്നു.
താൻ മുസ്ലിമായതുകൊണ്ടാണ് അറസ്റ്റെന്ന അൻവറിന്റെ പരാമർശം ശത്രുക്കൾക്ക് അദ്ദേഹത്തെ അടിക്കാനുള്ള വടിയായി. വനനിയമഭേദഗതി ബിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകാനിരിക്കെ ഈ വിഷയം ഉയർത്തി ആദ്യം തെരുവിലിറങ്ങിയ നേതാവെന്ന പരിവേഷം അൻവറിന് ഭാവിയിൽ ഗുണകരമാവും. അതേ സമയം പൊലിസിന്റെ കടുത്ത പ്രതികാര നടപടികളുടെ ഭാഗമായി മറ്റ് കേസുകളിലെ അറസ്റ്റും ഇനി രേഖപ്പെടുത്തുമോ എന്ന സംശയവുമുയർന്നിട്ടുണ്ട്. മുമ്പ് മഅ്ദനിയെ ജയിലിലടച്ച പോലെ പല കേസുകളിൽ പെടുത്തി ജയിലിൽ തന്നെ തളയ്ക്കാൻ പൊലീസും സർക്കാറും ശ്രമിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.