മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ നിന്ന് നേവി കണ്ടെടുത്ത കയർ കഷ്ണവുമായി ലോറി ഉടമ മനാഫ്

‘ഈ കയർ എന്റെ ലോറിയിലേത്, മരംകെട്ടാൻ ഉപയോഗിച്ചത്’ -അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പുഴയിൽനിന്ന് പ്രതീക്ഷയുടെ കയർ; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്

ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ നിന്ന് നേവി കണ്ടെടുത്ത കയർ തന്റെ ലോറിയിൽ മരംകെട്ടാൻ ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്. അൽപസമയം മുമ്പാണ് മുങ്ങൽ വിദഗ്ധരായ നേവി സംഘം പുഴയിൽനിന്ന് കയർ കഷ്ണം കണ്ടെടുത്തത്. പുഴയിലെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കി ടന്ന കയറിന്റെ മുറിച്ചെടുത്ത ഭാഗമാണ് മനാഫിന് നൽകിയത്. ഇത് തന്റെ ലോറി​യിലേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലക്ഷ്മണന്റെ ചായക്കടയുടെ സമീപത്ത് നിന്ന് പുഴയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. 

ഈശ്വർ മാൽപെയുടെ നേതൃത്വത്തിലും പുഴയിൽ തിരച്ചിൽ നടക്കുന്നുണ്ട്. പുഴയിൽ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാൽപെ പുഴയിലിറങ്ങിയത്. അതിനിടെ, പുഴയിൽനിന്ന് നാവികസേനയുടെ ഡൈവിങ് സംഘം കണ്ടെടുത്ത ലോഹഭാഗം തന്റെ ട്രക്കിന്റേതല്ലെന്ന് മനാഫ് പറഞ്ഞു. പലതവണ പെയിന്റ് ചെയ്ത ഇതിന്റെ പഴക്കം കണക്കിലെടുത്താണ് ഇദ്ദേഹത്തിന്റെ നിഗമനം. പുതിയ ലോറിയായിരുന്നു അർജുൻ ഓടിച്ചിരുന്നത്.

തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മി പ്രിയയും എസ്.പിയും സ്ഥലത്തെത്തും.

ഡീസൽ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്താണ് ഗംഗാവാലി പുഴയിൽ ആദ്യം പരിശോധിച്ചത്. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാൽപെ ചൂണ്ടിക്കാട്ടി. സോണാർ പരിശോധനയിൽ തിരിച്ചറിഞ്ഞ സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുൽപിള്ള വ്യക്തമാക്കി

ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയ പാതയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ, തമിഴ്നാട് സ്വദേശിയായ ടാങ്കർ ഡ്രൈവർ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചിൽ പുനരാരംഭിച്ചത്. തിരച്ചിൽ കോഓഡിനേറ്റ് ചെയ്യാൻ കാർവാർ എം.എൽ.എ സതീഷ് സെയ്‍ലും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫും രംഗത്തുണ്ട്.

ഇന്നലെ ഗംഗാവാലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കൾ പുഴക്കടിയിൽ നിന്നാണ് വീണ്ടെടുത്തത്. കരയിൽ നിന്ന് 100 അടി അകലെ 35 മീറ്റർ ആഴത്തിൽ നിന്നാണ് ജാക്കി കണ്ടെത്തിയത്. ജാക്കി അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - ankola landslide: searching for lorry driver arjun in ganga valley river in shirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.