തിരുവനന്തപുരം: ആവശ്യത്തിന് സാധനങ്ങൾ കിട്ടാതായതോടെ ഓണത്തിന് മുമ്പ് ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം പാളി. വ്യാഴാഴ്ച വൈകീട്ടുവരെ അറുപത് ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകാനായത്. ആഗസ്റ്റ് 16ഒാടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കുമെന്ന് എല്ലാ റേഷൻ കടകളിലും നേരത്തേതന്നെ വലിയ വാൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഉത്രാട ദിവസത്തേക്കുപോലും മതിയായ കിറ്റുകൾ റേഷൻ കടകളിൽ എത്തിയിട്ടില്ല.
സംസ്ഥാനത്ത് 92 ലക്ഷം കാർഡുടമകളാണുള്ളത്. ഇതിൽ 84 ലക്ഷത്തോളം പേരും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് പൊതുവിതരണവകുപ്പിെൻറ കണക്ക്. ഇവർക്കുള്ള സാധനങ്ങൾ ഉറപ്പുവരുത്തുന്നതിൽ സപ്ലൈകോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വിതരണം ഓണത്തിന് മുമ്പ് പൂർത്തീകരിക്കാൻ സർക്കാറിന് കഴിയാതെപോയത്. കിറ്റിലെ വിഭവങ്ങളായ ഏലക്കായ, മിൽമ നെയ്യ്, ചെറുപയർ, മറ്റ് പായസ ഉൽപന്നങ്ങൾ എന്നിവ ആവശ്യത്തിന്ന് സ്റ്റാക്കില്ലാത്തത് കൊണ്ട് കിറ്റുവിതരണം ദിവസങ്ങളോളം മെല്ലപ്പോക്കിലായിരുന്നു.
ബുധനാഴ്ചയാണ് മാവേലി സ്റ്റോറുകളിൽ വിതരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിത്തുടങ്ങിയത്. ഉത്രാടദിവസമായ ഇന്ന് പരമാവധി പേരിലേക്ക് കിറ്റ് എത്തിക്കുന്നതിന് സ്റ്റോക്കില്ലാത്ത സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 250 ഗ്രാം തുവരപ്പരിപ്പിന് പകരം 250 ഗ്രാം ഉഴുന്ന്, 500 ഗ്രാം ചെറുപയറിന് പകരം 500 ഗ്രാം വൻപയറോ അല്ലെങ്കിൽ 750 ഗ്രാം കടലയോ നൽകാനാണ് നിർദേശം. കശുവണ്ടിപ്പരിപ്പ് കിട്ടാത്ത സാഹചര്യത്തിൽ ശബരികായം/ കായപ്പൊടി -50 ഗ്രാം, അല്ലെങ്കിൽ ശബരി പുളി -250 ഗ്രാം അല്ലെങ്കിൽ ശബരി ആട്ട -1 കിലോഗ്രാം അല്ലെങ്കിൽ പഞ്ചസാര -1 കിലോഗ്രാം ഉൾപ്പെടുത്താനാണ് നിർദേശം. ശർക്കര വരട്ടി/ ഉപ്പേരി ഇനങ്ങൾ ടെൻഡർ പ്രകാരം തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇവ കുടുംബശ്രീ യൂനിറ്റുകൾ/ സ്വയംസഹായ സംഘങ്ങൾ/ അംഗീകൃത സ്ഥാപനങ്ങൾ എന്നിവ വഴി ഡി.എം.സി മുഖേന അംഗീകൃത നിരക്കുകളിൽ വാങ്ങാമെന്നും സപ്ലൈകോ മേഖല മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.