കോഴിക്കോട്: വാർഷിക പദ്ധതി പരിഷ്കരിച്ച് സമർപ്പിക്കാൻ സമയം നീട്ടി നൽകിയത് പല തദ്ദേശ സ്ഥാപനങ്ങൾക്കും തിരിച്ചടിയായി. പരിഷ്കരിച്ച പദ്ധതി ജില്ല ആസൂത്രണ സമിതികൾക്ക് യഥാസമയം സമർപ്പിക്കാൻ കഴിയാത്തതിനാൽ രണ്ടുതവണ കാലാവധി ദീർഘിപ്പിച്ച സർക്കാർ നടപടിയാണ് പല തദ്ദേശസ്ഥാപനങ്ങൾക്കും തിരിച്ചടിയാകുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ 2024 -25 പദ്ധതി, സ്പിൽ ഓവർ പ്രോജക്ടുകൾകൂടി ഉൾപ്പെടുത്തി പരിഷ്കരിക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. പരിഷ്കരിച്ച വാർഷിക പദ്ധതി സമർപ്പിക്കേണ്ട തീയതി ആഗസ്റ്റ് ഒമ്പതുവരെ നീട്ടിയിരുന്നു. എന്നാൽ, സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തതിനാലും ഫണ്ടിന്റെ ലഭ്യതക്കുറവും കാരണം കണക്കുകൾ തുല്യപ്പെടുത്തി സമർപ്പിക്കാൻ സംസ്ഥാനത്തെ പകുതി പഞ്ചായത്തുകൾക്കുപോലും കഴിഞ്ഞില്ല.
സർക്കാർ നടപടി പേടിച്ച് യഥാസമയം സമർപ്പിച്ച തദ്ദേശസ്ഥാപനങ്ങളാകട്ടെ, ഫണ്ട് വെട്ടിക്കുറച്ചും പദ്ധതികൾ കുറച്ചുമാണ് സമയക്രമം പാലിച്ചത്. കുടിയാലോചനകൾ നടത്താനോ സമയം ചെലവഴിച്ച് ആസൂത്രണം ചെയ്യാനോ കഴിയാതെ ധിറുതിയിൽ നടപടികൾ പൂർത്തിയാക്കിയതിനാൽ പ്രധാനപ്പെട്ട പല പദ്ധതികളും ചേർക്കാനും കഴിഞ്ഞില്ല. എന്നാൽ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതൃത്വവുമായി ബന്ധമുള്ളവർക്ക് തീയതി നീട്ടി നൽകുമെന്ന് സൂചന ലഭിച്ചതിനാൽ അവസാനസമയത്തും പദ്ധതി സമർപ്പിക്കാതെ പരമാവധി പദ്ധതികൾ ആസൂത്രണം ചെയ്തു. ഇവക്ക് അധിക പദ്ധതികൾ കൂട്ടിച്ചേർക്കാനുമുള്ള അവസരം ലഭിക്കുകയും ചെയ്തു. സർക്കാറിന്റെ കൃത്യമായ ആസൂത്രണമില്ലായ്മയാണ് യഥാസമയം പരിഷ്കരിച്ച പദ്ധതികൾ സമർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാതിരുന്നത്. സർക്കാർ വർധിപ്പിച്ച കെട്ടിട പെർമിറ്റ് അനുസരിച്ച് ബജറ്റ് പാസാക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ വർധന പിൻവലിച്ചതോടെ കണക്കുകൾ മാറ്റി സമർപ്പിക്കേണ്ട അവസ്ഥയായി. ഭേദഗതി പൂർത്തിയാക്കി പദ്ധതി സമർപ്പിക്കാനുള്ള അവസാന തീയതിക്ക് പകുതി കണക്കുകൾപോലും തയാറാക്കാനാവാത്ത അവസ്ഥയായിരുന്നു പല തദ്ദേശസ്ഥാപനങ്ങൾക്കും. കാലാവധി നീട്ടി നൽകണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേത്തുടർന്നാണ് 2024 -25 വാർഷിക പദ്ധതി സമർപ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെയും വയനാട് ജില്ലയിൽ സെപ്റ്റംബർ 12 വരെയും ദീർഘിപ്പിച്ചതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.