ബംഗളൂരു: മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കേരള സർക്കാറിെൻറ കരാറുകൾ ലഭിക്കാൻ ബംഗളൂരുവിൽ നടന്ന ലഹരി പാർട്ടിക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മയക്കുമരുന്ന് കേസിലെ പ്രതി സുഹാസ് കൃഷ്ണ ഗൗഡയാണ് ഇതുസംബന്ധിച്ച നിർണായക മൊഴി ഇ.ഡിക്ക് നൽകിയത്. സുഹൃത്തായ മുഹമ്മദ് അനൂപ് വഴി സുഹാസ് കഴിഞ്ഞവർഷം ജൂണിൽ ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്മെൻറിൽ ബിനീഷുമായി കൂടിക്കാഴ്ച നടത്തിയെന്നും അന്നേ ദിവസം ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായും ഇ.ഡി വെളിപ്പെടുത്തുന്നു. കേരള സർക്കാറിൽനിന്ന് സിവിക് വർക്കുകളുടെ കോൺട്രാക്ട് സംഘടിപ്പിച്ചു നൽകാൻ സുഹാസ് ആവശ്യപ്പെടുകയും മൂന്നു മുതൽ നാലു ശതമാനം വരെ കമീഷൻ ബിനീഷിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പാർട്മെൻറിൽ തന്നെ കൂടാതെ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ ജീവനക്കാരനായ സോണറ്റ് ലോബോ, എയർഹോസ്റ്റസായി പരിശീലനം പൂർത്തിയാക്കിയ രേഷ്മ തസ്നി, പേരറിയാത്ത മറ്റൊരു യുവതി എന്നിവരുമുണ്ടായിരുന്നതായും എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് കൃഷ്ണ ഗൗഡ മൊഴി നൽകിയതായി കുറ്റപത്രത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
രണ്ടാം പ്രതി കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപുമായുള്ള ബിനീഷിെൻറ ബന്ധത്തെ കുറിച്ച് നേരത്തേ ഇ.ഡി വെളിപ്പെടുത്തിയ കാര്യങ്ങൾ കുറ്റപത്രത്തിലും ആവർത്തിച്ചു. മൂവാറ്റുപുഴയിലെ പ്ലാേൻറഷൻ ബിസിനസുകാരനായ അബി എന്ന സുഹൃത്ത് വഴിയാണ് അനൂപിനെ പരിചയപ്പെടുന്നെതന്നും 2016ൽ ഹോട്ടൽ ബിസിനസിെൻറ പ്രപ്പോസലുമായി അനൂപ് തന്നെ സമീപിക്കുകയായിരുന്നെന്നും ബിനീഷ് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് രണ്ടു വർഷത്തേക്ക് നിക്ഷേപമായാണ് 30 മുതൽ 35 ലക്ഷം വരെ നൽകിയതെന്നും ഇൗ തുക ബാങ്കിൽനിന്ന് വായ്പയെടുത്തതാണെന്നുമാണ് ബിനീഷ് ഇ.ഡിയെ അറിയിച്ചത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിെൻറ ജുഡീഷ്യൽ കസ്റ്റഡി ഫെബ്രുവരി 12 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.