‘കേരള സ്​റ്റോറി’ക്കെതിരെ വീണ്ടും ഹരജി

കൊച്ചി: ‘കേരള സ്​റ്റോറി’ എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന്​ ആവശ്യപ്പെട്ട് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി ഹൈകോടതിയിൽ ഹരജി നൽകി. ആയിരക്കണക്കിന് സ്ത്രീകളെ മതംമാറ്റി ഭീകര സംഘടനയായ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്ന അവകാശവാദം സിനിമയിലുണ്ടെന്നും ട്രെയ്‌ലറിൽ വസ്തുതാവിരുദ്ധ പരാമർശങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. കേരളത്തിലെ മുസ്​ലിംകൾ ഇസ്​ലാമിക രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ പ്രചാരണം ലക്ഷ്യമിടുന്ന സിനിമ സമൂഹത്തിൽ വിദ്വേഷം വളർത്തുമെന്ന്​ ഹരജിയിൽ പറയുന്നു. മേയ്​ അഞ്ചിന്​ ചിത്രം റിലീസ്​ ചെയ്യുന്നത്​ തടയണമെന്നാണ്​ ആവശ്യം.

അതേസമയം, സിനിമ കാണാതെ ടീസറിന്റെ മാത്രം അടിസ്ഥാനത്തിലുള്ള ആരോപണം പരിഗണിക്കേണ്ടതില്ലെന്ന് തൃശൂർ സ്വദേശി അഡ്വ. വി.ആർ. അനൂപ് നൽകിയ ഹരജിയിൽ കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിനോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും വിശദീകരണവും തേടി. ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. ടീസറിൽ വസ്തുത വിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും സെൻസർ ബോർഡിന്റെ അനുമതിയില്ലാതെയാണ് ഇത്​ പുറത്തിറക്കിയതെന്നുമാണ്​ ഹരജിക്കാരന്‍റെ വാദം.

2022 നവംബർ മൂന്നിനു പുറത്തിറക്കിയ ടീസറിനെക്കുറിച്ചാണ് ഹരജിക്കാരന്റെ പരാതിയെങ്കിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുമ്പോഴല്ല നൽകേണ്ടതെന്ന്​ കോടതി പറഞ്ഞു. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത് മനസ്സിരുത്താതെയാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്നും ഇടക്കാല ഉത്തരവിലുണ്ട്​.

പ്രദർശനം തടയണമെന്ന്​ ആവശ്യപ്പെട്ട് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ തമന്ന സുൽത്താന നൽകിയ ഹരജിയും പരിഗണനയിലുണ്ട്​. ഹരജികൾ മേയ്​ അഞ്ചിന്​ പരിഗണിക്കും.

Tags:    
News Summary - Another petition against 'Kerala Story' on court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.