തിരുവനന്തപുരം: ലഹരിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ശക്തമായ കാമ്പയിന് നേതൃത്വം നൽകാൻ സർക്കാർ. നിലവിലെ എല്ലാ കാമ്പയിനും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുല ലഹരി വിരുദ്ധ കാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ കാമ്പയിന്റെ ഭാഗമായി നിയമസഭ മന്ദിരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 30ന് വിദഗ്ധരുടെയും വിദ്യാർഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗം ചേർന്ന് കർമപദ്ധതി തയാറാക്കും.
ലഹരിവിരുദ്ധ രൂപരേഖ തയാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കും. എൽ.പി ക്ലാസുകൾ മുതലേ ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളെ കായികരംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുയിടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണം. പരിശോധന കർശനമാക്കണം.
പൊലീസിന്റെയും എക്സൈസിന്റെയും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണം. ലഹരിവിൽപന നടത്തുന്ന കടകൾ അടച്ചുപൂട്ടാൻ തദ്ദേശ വകുപ്പ് നടപടിയെടുക്കണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ വാങ്ങണം. സ്നിഫർ ഡോഗ് സാന്നിധ്യം വർധിപ്പിക്കണം. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് നീങ്ങണം.
ഓൺലൈൻ ലഹരി വ്യാപാരം തടയും. വിമാനത്താവളം, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന വർധിപ്പിക്കും. അതിർത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കണം. അതിർത്തിയിലെ വാഹനങ്ങൾ കർശനമായി പരിശോധിക്കണം.
വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയൻ, എക്സൈസ് കമീഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.