തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ പത്രത്തെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തടിയൂരാൻ ശ്രമിക്കുമ്പോഴും ചോദ്യങ്ങൾ ബാക്കി. അഭിമുഖത്തിൽ വന്നത് മുഖ്യമന്ത്രി നേരിട്ട് പറഞ്ഞ കാര്യങ്ങളല്ല എന്ന് സമ്മതിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്യുമ്പോഴും വിവാദ പരാമർശം സ്വയം എഴുതിച്ചേർത്തതല്ലെന്നും ‘ദ ഹിന്ദു’ പത്രം വിശദീകരിച്ചിട്ടുണ്ട്.
സി.പി.എം-ആർ.എസ്.എസ് അന്തർധാരയുമായി ബന്ധപ്പെട്ട വിവാദ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ മുസ്ലിം വിരുദ്ധമെന്ന് ആക്ഷേപമുയരാനും ആളിക്കത്താനും ഇടയുള്ള പരാമർശങ്ങളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിച്ച പി.ആർ ഏജൻസി സ്വന്തം നിലയിൽ അങ്ങനെ ചെയ്യില്ല. മുഖ്യമന്ത്രിയുടെ അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ അറിവും അംഗീകാരവുമില്ലാതെ അത് സംഭവിക്കില്ല. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ അന്നുതന്നെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതാണ്. അത് സി.പി.എമ്മും മുഖ്യമന്ത്രിയും അവഗണിച്ചു. മലപ്പുറത്ത് തീവ്രവാദ ഫണ്ടിങ്ങായി സ്വർണക്കടത്തും ഹവല പണവുമെത്തുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തുവെന്ന ചോദ്യം ഗവർണറും ബി.ജെ.പിയും ഉയർത്തിയപ്പോഴാണ് അപകടം പാർട്ടിയും സർക്കാറും തിരിച്ചറിയുന്നത്.
ഉടനെ കത്തെഴുതി പത്രത്തെ തിരുത്തി. ആദ്യദിനം അതുണ്ടാകാതിരുന്നത് വിവാദ പരാമർശത്തോട് വിയോജിപ്പ് എത്രത്തോളമെന്ന് പറയാതെ പറയുന്നതാണ്. ചൊവ്വാഴ്ച കോഴിക്കോട് പൊതുസമ്മേളനത്തിലും സ്വർണക്കടത്ത്, ഹവാല ഇടപാട് കണക്ക് മുഖ്യമന്ത്രി ആവർത്തിച്ചു. ആ പറഞ്ഞത് ഏതെങ്കിലും പ്രദേശത്തിനോ മതവിഭാഗത്തിനോ എതിരല്ലെന്ന് വിശദീകരിക്കുമ്പോഴും സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്തും ഹവാല ഇടപാടും ഭൂരിപക്ഷവും കരിപ്പൂരിലാണെന്ന് സ്ഥാപിക്കുന്നുണ്ട്. നേരത്തേ വാർത്തസമ്മേളനത്തിലും മുഖ്യമന്ത്രി ഇത് വിശദമായി പറഞ്ഞതാണ്. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച, പൂരം കലക്കിയതിൽ എ.ഡി.ജി.പിയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ സി.പി.ഐയുടെ അഭിപ്രായംപോലും മാനിക്കാത്ത മുഖ്യമന്ത്രി കരിപ്പൂരിലെ സ്വർണക്കടത്ത് ആവർത്തിച്ച് ചർച്ചയാക്കുന്നത് എന്തിനെന്ന ചോദ്യമാണ് പ്രസക്തമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.