തൃശൂർ: സാമുദായിക സംവരണത്തിനെതിരെ കോളജ് മാഗസിനിൽ കാർട്ടൂൺ ചേർത്ത് വെട്ടിലായി കെ.എസ്.യു.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി ഹോർട്ടികൾച്ചർ കോളജിൽ കെ.എസ്.യു നേതൃത്വം നൽകുന്ന യൂനിയൻ പ്രസിദ്ധീകരിച്ച ‘നന്നങ്ങാടി’ മാഗസിനിലാണ് ആനുകൂല്യങ്ങളെല്ലാം പട്ടികവർഗ, പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അവശേഷിക്കുന്നത് മാത്രം പൊതുവിഭാഗത്തിനും എന്ന് ധ്വനിപ്പിക്കുന്ന കാർട്ടൂൺ ഉൾപ്പെടുത്തിയത്.
‘നിധി വേട്ടയുടെ ആരംഭം’ ആശയത്തിൽ 2021-22 വർഷത്തെ മാഗസിൻ കമ്മിറ്റി തയാറാക്കിയ മാഗസിന്റെ 57ാം പേജിലാണ് കാർട്ടൂൺ. കാർട്ടൂണിനെതിരെ ഇതര വിദ്യാർഥി സംഘടനകൾ രംഗത്തുവന്നതോടെ കെ.എസ്.യു ജില്ല കമ്മിറ്റിക്കും തള്ളിപ്പറയേണ്ടി വന്നു.
ഹോർട്ടികൾച്ചർ കോളജിൽ കെ.എസ്.യു നേതൃത്വം നൽകുന്ന യൂനിയൻ പുറത്തിറക്കിയ മാഗസിനിൽ സംവരണുമായി ബന്ധപ്പെട്ട് വന്ന കാർട്ടൂൺ പൊതുസമൂഹത്തിൽ തെറ്റായ വ്യാഖ്യാനം നൽകുന്നതിനാൽ കാർട്ടൂണിനെ തള്ളിക്കളയുകയാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ പ്രസ്താവനയിൽ അറിയിച്ചു.
കോളജ് യൂനിയൻ ഭാരവാഹികളുമായും കെ.എസ്.യു യൂനിറ്റ് ഭാരവാഹികളുമായി സംസാരിച്ചു. മാഗസിൻ പൂർണമായും വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടില്ല. കാർട്ടൂൺ ഉൾപ്പെടുന്ന ഭാഗം നീക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിന് ശേഷമേ മാഗസിൻ വിതരണം പുനരാരംഭിക്കുകയുള്ളൂ. ഏത് സാഹചര്യത്തിലാണ് ഈ കാർട്ടൂൺ മാഗസിനിൽ ഉൾപ്പെട്ടതെന്ന് രണ്ട് ദിവസത്തിനകം വിശദീകരിക്കാൻ കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കാമ്പസ് മാഗസിനുകളുടെ ചരിത്രത്തിന് നാണക്കേടുണ്ടാക്കിയ കാർട്ടൂൺ പുരോഗമന സമൂഹത്തിന് യോജിക്കാത്തതും വെറുപ്പിന്റെ ഭാഷ സംസാരിക്കുന്നതുമാണെന്ന് എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് ആർ. വിഷ്ണുവും സെക്രട്ടറി ജിഷ്ണു സത്യനും കുറ്റപ്പെടുത്തി.
കാർട്ടൂൺ ഉൾപ്പെടുത്തിയ കെ.എസ്.യു യൂനിയൻ ഭാരവാഹികളുടെയും ചുമതലയുള്ള അധ്യാപകരുടെയും സംവരണത്തോടുള്ള ജാതി ചിന്ത മൂലമാണ്. കെ.എസ്.യു പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് മാഗസിൻ പിൻവലിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
മാഗസിൻ ഭരണഘടന മൂല്യങ്ങളെ നിരാകരിക്കുന്നതാണെന്ന് എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ് അർജുൻ മുരളീധരനും സെക്രട്ടറി കെ.എ. അഖിലേഷും പ്രസ്താവനയിൽ പറഞ്ഞു
സംവരണം ദാരിദ്ര്യ നിർമാജന പദ്ധതിയോ അനീതിയോ അല്ല. മറിച്ച് നീതിയിൽ അധിഷ്ഠിതമാണ്. സംവരണത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണം അറിവില്ലായ്മയിൽ നിന്നും ജാതിബോധത്തിൽ നിന്നുമാണ്. മണ്ഡൽ കമീഷനെ നിഷേധാത്മകമായി സമീപിച്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടന നേതൃത്വം നൽകുന്ന യൂനിയനിൽനിന്ന് സംവരണ വിരുദ്ധ വാറോലകൾ അപ്രതീക്ഷിതമല്ല. അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട ഒരു സർവകലാശാല കാമ്പസ് എന്ന നിലക്ക് മാഗസിനെതിരെ പ്രോ ചാൻസലറായ കൃഷി മന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു.
തൃശൂർ: കാർഷിക സർവകലാശാലയുടെ മണ്ണുത്തി ഹോർട്ടികൾചർ കോളജ് യൂനിയൻ ഇറക്കിയ സംവരണ വിരുദ്ധ കാർട്ടൂൺ അടങ്ങിയ മാഗസിൻ പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ല കമ്മിറ്റി അഭ്യർഥിച്ചു. 700ഓളം കുട്ടികൾ പഠിക്കുന്ന കോളജിൽ പകുതിയോളം സംവരണ വിഭാഗങ്ങളിൽനിന്നാണ്.
കെ.എസ്.യു നേതൃത്വം നൽകുന്ന കോളജ് യൂനിയൻ സംവരണ വിരുദ്ധത പ്രകടമാക്കുന്ന മാഗസിൻ പുറത്തിറക്കി ഭരണഘടന ഉറപ്പ് നൽകുന്ന സംവരണ അവകാശങ്ങളെ പരിഹസിച്ചിരിക്കുകയാണ്.
സംവരണ ക്രമപ്രകാരം സീറ്റ് കിട്ടിയ മുഴുവൻ കുട്ടികളെയും അപമാനിക്കുന്ന കാർട്ടൂൺ ആണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംവരണം ഇല്ലാതാക്കാൻ ബോധപൂർവം ശ്രമം നടക്കുമ്പോൾ കോളജ് അധികാരികൾ അംഗങ്ങളായ കമ്മിറ്റിയുടെ അറിവോടെയാണ് മാഗസിൻ ഇറക്കിയത് എന്നത് അമ്പരപ്പുളവാക്കുന്നതാണ്. ഇതിൽ സംവരണ വിരുദ്ധരായ ഉദ്യോഗസ്ഥർ അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നത് ഭരണഘടന വിരുദ്ധമായി കണക്കാക്കണം.
സംവരണം സാമൂഹിക തുല്യതയെ നിര്‍ണയിക്കുന്ന ജനാധിപത്യ അവകാശമാണെന്ന് തിരിച്ചറിയാത്ത വലതുപക്ഷ, സംഘ്പരിവാര്‍ മനസ്സുള്ളവരില്നിന്നാണ് ഇത്തരം ആവിഷ്കാരങ്ങള്‍ ഉണ്ടാകുന്നത്. ഫാഷിസ്റ്റ് ഭരണകൂടത്തിന് പരിക്കേല്‍പ്പിച്ച ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്തുതന്നെ ഇത്തരം കാഴ്ചപ്പാടുമായി മുന്നോട്ടു വരുന്നത് കോളജ് യൂനിയൻ പ്രതനിധാനം ചെയ്യുന്ന രാഷ്ടീയ പാര്‍ട്ടിയുടെ നിലപാടുകളിലെ കാപട്യമാണ് തുറന്ന് കാട്ടുന്നത്.
ഇതിലൂടെ അംബേദ്കറെയും സംവരണീയരായ സമൂഹത്തെയും അപമാനിച്ചു. ഇത്തരക്കാർക്കെതിരെ സർവകലാശാല നടപടിയെടുക്കണമെന്ന് ജില്ല പ്രസിഡന്റ് ഡോ. എം.കെ. സുദർശനും സെക്രട്ടറി കെ.വി. രാജേഷും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.