തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ പ്രവർത്തിക്കുന്നതിൽ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷതയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതാണ് ചെങ്ങന്നൂരിലെ തോൽവിക്ക് കാരണം. ബി.ജെ.പിയെ നേരിടണമെങ്കിൽ ഇടതുപക്ഷത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ചെങ്ങന്നൂർ ഫലം നൽകുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒപ്പം നിർത്താറുള്ള ജാതി-മതശക്തികളെ കൂടെ നിർത്താൻ യു.ഡി.എഫ് ശ്രമം നടത്തി. ലീഗ് അതിന് സഹായിച്ചു. കുത്തക മാധ്യമങ്ങളിലെ വലിയ വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിച്ചു. ചില മാധ്യമങ്ങൾ യു.ഡി.എഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിച്ചു.മുമ്പ് 50 ശതമാനം വോട്ട് ലഭിച്ചിരുന്ന യു.ഡി.എഫ് ഇത്തവണ വലിയ തോതിൽ പിറകോട്ട് പോയി. മുമ്പ് ബി.ജെ.പി വോട്ട് യു.ഡി.എഫിനാണ് ലഭിച്ചിരുന്നത്. ഇത്തവണയും ആ ലക്ഷ്യം വെച്ചാണ് എ.കെ. ആൻറണി ചെങ്ങന്നൂരിൽ പോയത്, എങ്കിലും വിജയിച്ചില്ല.
എൽ.ഡി.എഫ് സർക്കാറിന് ബി.ജെ.പി മുന്നേറ്റം തടഞ്ഞുനിർത്താൻ സാധിച്ചു. ബി.ജെ.പിക്ക് ചെങ്ങന്നൂരിൽ മാത്രമല്ല, വേങ്ങരയിലും മുൻപ്രാവശ്യത്തെ വോട്ട് നിലനിർത്താൻ കഴിഞ്ഞില്ല. എന്നാൽ, കോൺഗ്രസ് ഭരിച്ച കർണാടകയിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ കഴിഞ്ഞില്ല. ആർ.എസ്.എസിനെ മഹത്വവത്കരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ഇൗ കോൺഗ്രസിന് ബി.ജെ.പിയെ നേരിടാൻ കഴിയുമോ? 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ അംഗസഖ്യ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.