ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചന കേസിൽ അഞ്ച് മുൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കേരള ഹൈകോടതിയുടെ കഴിഞ്ഞ വർഷത്തെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അഞ്ചു പേരുടെയും മുൻകൂർ ജാമ്യാപേക്ഷയും ബന്ധപ്പെട്ട വിഷയങ്ങളും നാലാഴ്ചക്കകം പുതുതായി പരിഗണിച്ച് തീർപ്പാക്കണമെന്ന നിർദേശത്തോടെയാണിത്. ഹൈകോടതി തീരുമാനമെടുക്കുന്നതുവരെ ഇടക്കാല ക്രമീകരണമെന്ന നിലക്ക് അടുത്ത അഞ്ച് ആഴ്ചത്തേക്ക് അഞ്ചു പേരെയും അറസ്റ്റു ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
1994ലെ ഐ.എസ്.ആർ.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിൽ നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസ് ഒന്നും രണ്ടും പ്രതികളും മുന്‍ പൊലീസ് ഓഫിസര്‍മാരുമായ എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതിയും ഗുജറാത്ത് മുന്‍ ഡി.ജി.പിയുമായ ആര്‍.ബി. ശ്രീകുമാര്‍, 11ാം പ്രതി റിട്ട. ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവര്‍ക്കാണ് 2021ൽ ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയും സി.ബി.ഐയുടെ എതിർപ്പും ഉൾപ്പെടെ കേസിന്‍റെ ന്യായാന്യായങ്ങളിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും ഹൈകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് നേരത്തെ പരിഗണിച്ചപ്പോൾ ഹൈകോടതിയുടെ ഭാഗത്ത് ചില പിഴവുകളുണ്ടായിട്ടുണ്ടെന്ന് വാദം കേൾക്കലിനിടയിൽ സുപ്രീംകോടതി പറഞ്ഞിരുന്നു.
വ്യക്തിഗത ആരോപണങ്ങൾ ഹൈകോടതി പരിഗണിച്ചിട്ടില്ല. വ്യക്തിഗത കേസുകൾ വ്യക്തിഗതമായി തന്നെ പരിഗണിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു. അറസ്റ്റിൽനിന്നും പ്രതികൾക്ക് ലഭിച്ച ഇടക്കാല സംരക്ഷണം ഹൈകോടതിയെ സ്വാധീനിക്കരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞര്‍ക്കെതിരെ ചാരവൃത്തിയാരോപിച്ച് കള്ളക്കേസെടുത്ത സംഭവത്തില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്നും ഇപ്പോള്‍ പ്രതികളായ ഉദ്യോഗസ്ഥരെ അവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നുമുള്ള സി.ബി.ഐ വാദത്തിന് തെളിവിന്‍റെ പിന്‍ബലമില്ലെന്ന് വിലയിരുത്തിയായിരുന്നു ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഐ.എസ്.ആർ.ഒ ചാരക്കേസിലെ പ്രതികളുടേതിന് സമാനമായ സാഹചര്യം ഗൂഢാലോചന കേസിലെ പ്രതികളും നേരിടണമെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്താൽ ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്ന വ്യവസ്ഥയോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സി.ബി.ഐയാണ് സുപ്രീംകോടതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.