തൃശൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കിയ തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിയ്യൂർ അതിസുരക്ഷ ജയിലിലെത്തി ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ജയിലിൽ എത്തിയത്. എന്നാൽ പോക്സോ കേസിൽ ശിക്ഷിക്കും മുമ്പാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയതെന്നും ശിക്ഷിച്ചതോടെ വേറെ അനുമതി വേണമെന്നും ജയിലധികൃതർ അറിയിച്ചു. തുടർന്ന് എറണാകുളം പോക്സോ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പുതിയ ഉത്തരവ് ലഭ്യമാക്കി ഉച്ചക്ക് മൂന്നോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഡിജിറ്റൽ തെളിവുകളും വിഡിയോ ദൃശ്യങ്ങളും പ്രദർശിപ്പിച്ചപ്പോൾ ആ തെളിവുകൾ സാധൂകരിക്കുന്ന മൊഴിയാണ് മോൻസൺ നൽകിയതെന്നാണ് സൂചന. എന്നാൽ ചില ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ലത്രേ.
കെ. സുധാകരൻ, ഐ.ജി ജി. ലക്ഷ്മ, മുൻ ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത സാഹചര്യത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ. കെ. സുധാകരനുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. ആദ്യം ചോദ്യങ്ങൾ എതിർത്ത മോൻസൺ, വാട്സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒത്തു തീർപ്പിന് എബിൻ എബ്രഹാം ശ്രമിച്ചതടക്കം തെളിവുകളും നിരത്തിയതോടെ മറുപടി നൽകി. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത് നാലേകാലോടെ സംഘം പുറത്തിറങ്ങി.
25 ലക്ഷം കൈമാറുമ്പോൾ കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നും അതിൽ നിന്ന് പത്ത് ലക്ഷം രൂപ സുധാകരന് നൽകുന്നത് കണ്ടുവെന്നുമുള്ള മോൻസണിന്റെ ഡ്രൈവറുടെ മൊഴിയും പരാതിക്കാർ നൽകിയ അക്കൗണ്ട് രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പുരാവസ്തു ഇടപാടുമായി കെ. സുധാകരന് ഒരു പങ്കുമില്ലെന്നാണ് മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ കെ. സുധാകരനെതിരെ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ. സുധാകരന്റെ വിശ്വസ്തൻ എബിൻ മോൻസണിൽ നിന്ന് മാസപ്പടി വാങ്ങിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സുധാകരൻ മോൻസന്റെ സഹായിയിൽനിന്ന് പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ ഷെമീർ മൊഴി നൽകിയിരുന്നു.
ഇക്കാര്യങ്ങളിൽ വ്യക്തത തേടുകയാണ് ക്രൈംബ്രാഞ്ച് സംഘം. റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.