കൊച്ചി: മോൺസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കുടുംബ സ്വത്തുക്കളടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ചോദ്യംചെയ്ത് മോൺസന്റെ മക്കളായ മാനസും ഡോ. മിമിഷയും നൽകിയ ഹരജി ഹൈകോടതി തള്ളി. കാരണംകാണിക്കൽ നോട്ടീസിന്റെ ഹിയറിങ് ഘട്ടത്തിൽ ഇടപെടേണ്ട അസാധാരണ സാഹചര്യമോ നിയമലംഘനമോ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രവർത്തിക്കുന്ന അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി. അതോറിറ്റി ചൊവ്വാഴ്ച ഹരജിക്കാരെ ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്. മാതാവ് മരണപ്പെട്ടതുകൊണ്ടും മുഴുവൻ നടപടിരേഖകളുടെ പകർപ്പ് നൽകാത്തതു കൊണ്ടും നോട്ടീസിന് സമഗ്ര മറുപടി സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മോൺസന്റെ മക്കളുടെ വാദം. ഇതിന് അവസരം നൽകാതെയാണ് ഹിയറിങ്. കണ്ടുകെട്ടിയ സ്വത്തുക്കൾ പിതാവിന്റെ കേസുമായി ബന്ധമുള്ളതല്ലെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ, അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ നടപടിക്രമങ്ങൾ നിയമപ്രകാരമാണെന്ന് ഹൈകോടതി വിലയിരുത്തി. ഏതെല്ലാം രേഖകളുടെ പകർപ്പ് കൈമാറണമെന്ന് തീരുമാനിക്കാൻ അവർക്ക് അധികാരമുണ്ട്. മറ്റുള്ളവ പരിശോധിക്കാൻ ഹരജിക്കാർക്കും അവകാശമുണ്ട്. മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കേണ്ട കണ്ടുകെട്ടൽ നടപടിയുടെ രണ്ടാംഘട്ടമാണ് കോടതി ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.