കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ മൂന്നാം പ്രതി ഐ.ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രാവിലെ 11ന് ഹാജരായ ലക്ഷ്മണിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം രാത്രി ഒമ്പതോടെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാലാണ് ജാമ്യത്തിൽ വിട്ടത്. വ്യാഴാഴ്ചയാണ് ലക്ഷ്മണിന്റെ ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കുന്നത്. തട്ടിപ്പിന്റെ സൂത്രധാരൻ ലക്ഷ്മണയാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ കോഴിക്കോട് സ്വദേശി എം.ടി. ഷമീർ ഉൾപ്പെടെ അഞ്ചുപേരിൽനിന്ന് വൻതുക വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിലാണ് ലക്ഷ്മൺ മൂന്നാം പ്രതി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് രണ്ടാം പ്രതി. സുധാകരനെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഹൈകോടതി നിർദേശപ്രകാരം സുധാകരന് ജാമ്യവും നൽകി. ഒന്നാം പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനാണ് നാലാം പ്രതി.
ചോദ്യം ചെയ്യാൻ നോട്ടീസ് നൽകണമെന്നും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമാണ് ലക്ഷ്മണിന്റെ ഹരജിയിൽ ഹൈകോടതി നിർദേശിച്ചിരുന്നത്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മൺ ഹൈകോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.