തൃശൂർ: ഗതാഗത മന്ത്രി ആന്റണി രാജു ചെയർമാനായിരിക്കെ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ എട്ടുമാസ ലോഗ്ബുക്ക് കാണാനില്ലെന്ന് തൃശൂർ അത്താണിയിലെ സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് (എസ്.ഐ.എഫ്.എൽ).
2020 ആഗസ്റ്റ് അഞ്ചുമുതൽ 2021 മാർച്ച് 21 വരെ ചെയർമാനായിരുന്ന ആന്റണി രാജു ഉപയോഗിച്ചിരുന്ന കാറിന്റെ ലോഗ്ബുക്ക് ലഭ്യമല്ലെന്നായിരുന്നു വിവരാവകാശ മറുപടിയിൽ എസ്.ഐ.എഫ്.എൽ അധികൃതർ വ്യക്തമാക്കിയത്. അതേസമയം, മാർച്ച് 21 മുതൽ 2022 ആഗസ്റ്റ് അഞ്ചുവരെ 8963 കിലോമീറ്റർ സഞ്ചരിച്ചെന്നും വാഹനത്തിന്റെ ഇന്ധനത്തിന് 68,382 രൂപ ചെലവിട്ടെന്നും അധികൃതർ അറിയിച്ചു.
ആന്റണി രാജു ചെയർമാനായിരിക്കെ അവസാന രണ്ടുവർഷം 4.6 ലക്ഷം രൂപ ഓണറേറിയമായും 34,500 രൂപ ഫോൺ ചെലവായും കൈപ്പറ്റിയിട്ടുണ്ട്. പ്രതിമാസം 1500 രൂപയായിരുന്നു മൊബൈൽ ഫോൺ അലവൻസ്. സർക്കാർ ഉത്തരവ് പ്രകാരം ചെയർമാന് സെക്രട്ടേറിയൽ അസിസ്റ്റന്റും ഔദ്യോഗിക വാഹനവും അനുവദിക്കാമെങ്കിലും എസ്.ഐ.എഫ്.എല്ലിൽ ഈ രണ്ട് തസ്തികകളുമില്ല.
ചെയർമാൻ എന്ന നിലയിൽ ഓഫിസിൽ എത്ര ദിവസം ഹാജറായി എന്നത് രേഖപ്പെടുത്തുക പതിവില്ലാത്തതിനാൽ ബന്ധപ്പെട്ട രേഖകൾ നൽകാനാവില്ലെന്നും അറിയിച്ചു. എസ്.ഐ.എഫ്.എൽ മാനേജിങ് ഡയറക്ടറുടെ ശമ്പളം 1.7 ലക്ഷം രൂപയാണ്. ഈ ഇനത്തിൽ കഴിഞ്ഞ രണ്ടുവർഷം സ്ഥാപനം ചെലവിട്ടതാകട്ടെ 38,53,760 രൂപയും. ഡിഫൻസ്, എയറോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമാണ് എസ്.ഐ.എഫ്.എൽ. ആഭ്യന്തര -വിദേശ വിപണികളിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ വകുപ്പിൽനിന്ന് 7.2 കോടി രൂപയുടെ പുതിയ ഓർഡർ കമ്പനി നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി 100 ലക്ഷത്തിലേറെ രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഏറ്റെടുത്ത പദ്ധതികളെക്കുറിച്ചുള്ള വിവരം സ്ഥാപനത്തിന്റെ മത്സരാവസ്ഥക്ക് ദോഷം ചെയ്യുമെന്നതിനാൽ വാണിജ്യ രഹസ്യത്തിന്റെ വെളിപ്പെടുത്തലുകൾക്കുള്ള പരിരക്ഷ എന്ന നിലയിൽ വിവരാവകാശ നിയമം എട്ട് (1) ഡി പ്രകാരം നിരസിച്ചു. സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ എസ്.ഐ.എഫ്.എൽ 2021 -22 സാമ്പത്തിക വർഷം 16.17 ലക്ഷം രൂപയുടെ ലാഭം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.