തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ഒരു ക്രമക്കേടും നടന്നില്ലെന്ന വാദങ്ങൾ പൊളിയുന്ന വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവന്നിട്ടും ഉത്തരവാദികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഒളിച്ചുകളിച്ച് സർക്കാർ. ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും ഗുരുതരമായ തെറ്റുകളും വീഴ്ചകളും വരുത്തിയെന്നാണ് വനിതാ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കട്ടെയെന്നാണ് വനിതാ ശിശുവികസനവകുപ്പിെൻറ ചുമതലയുള്ള മന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം പ്രതികരിച്ചത്.
വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ സർക്കാർ ഇടപെടലും അതിനനുസരിച്ച് നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഉടൻതന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അറിയുന്നു. മുഖ്യമന്ത്രികൂടി റിപ്പോർട്ട് പരിശോധിച്ചശേഷം നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സി.ഡബ്ല്യു.സി ചെയർപേഴ്സൺ സുനന്ദ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ എന്നിവർ അനുപമയുടെ കുട്ടിയാണെന്ന് അറിഞ്ഞിട്ടും ദത്ത് നടപടിക്രമങ്ങൾ വേഗത്തിലാക്കിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. 37 പേജുള്ള റിപ്പോർട്ടിൽ ശിശുക്ഷേമസമിതിക്കും സി.ഡബ്ല്യു.സിക്കും സംഭവിച്ച മറ്റ് ഗുരുതരമായ വീഴ്ചകളും അക്കമിട്ട് നിരത്തുന്നുണ്ട്.
എന്നാൽ, ഷിജുഖാന് തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ ആവർത്തിച്ചത്. അതേസമയം ഷിജുഖാൻ ഇൗ കേസിൽ പെട്ടുകഴിഞ്ഞാൽ തൊട്ടടുത്ത് പുറത്തുവരുന്ന പേര് ആനാവൂരിെൻറതായിരിക്കുമെന്നാണ് ഇതുസംബന്ധിച്ച് അനുപമ പ്രതികരിച്ചത്. അദ്ദേഹം ഷിജുഖാനെ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നും അനുപമ ആരോപിക്കുന്നു. അനുപമയുമായും പരാതിയിൽ പേര് വന്നിട്ടുള്ളവരുമായും നേരിട്ട് സംസാരിച്ചശേഷമാണ് വനിതാ ശിശുവികസന ഡയറക്ടർ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. അതേസമയം കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും ദത്ത് നൽകി കുഞ്ഞിനെ തന്നിൽനിന്ന് അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം.
എടക്കര: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ നിയമപരമായ നടപടികളും മറ്റ് കാര്യങ്ങളും തുടരട്ടെയെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ഡോ. ഷിജുഖാൻ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാൻ എടക്കരയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങളായതിനാൽ പരസ്യമായി പ്രതികരിക്കാൻ കഴിയില്ല. നിയമപരമായ നടപടികൾ പൂർത്തിയാകട്ടെയെന്നും ഷിജുഖാൻ പറഞ്ഞു.
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് വീഴ്ച സംഭവിച്ചതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ആരെങ്കിലും സമരം ചെയ്തതുകൊണ്ട് ആർക്കെങ്കിലുമെതിരെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. 2018ലെ സാമൂഹികനീതി വകുപ്പ് ഉത്തരവ് പ്രകാരം സമിതിക്ക് കുട്ടികളെ ദത്ത് നൽകാൻ അധികാരമില്ല. പരിപാലന ചുമതല മാത്രമാണ് സമിതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.