തിരുവല്ല: ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ കഴിഞ്ഞ യുവതിയെ കുത്തിവെപ്പ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അനുഷ, യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത്. കാമുകനായ അരുണിനൊപ്പം ജീവിക്കാനും അയാളോട് തന്‍റെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാനും വേണ്ടിയാണ് കൃത്യത്തിന് മുതിർന്നതെന്നും അനുഷ മൊഴി നൽകി.
കൊല്ലുകയല്ല, ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസിനോട് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്ന അനുഷക്ക് അരുണുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അനുഷയുടെ ആദ്യവിവാഹം വേര്‍പെട്ടതാണ്. ഇപ്പോഴുള്ള ഭര്‍ത്താവ് വിദേശത്താണ്. അരുണും അനുഷയും നിരന്തരം നേരിലും ഫോണിലും ബന്ധപ്പെട്ടിരുന്നു. അരുണുമായുള്ള വാട്‌സ്ആപ് ചാറ്റുകളും അനുഷയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെടുത്തു. അതില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം.
ആദ്യവിവാഹം വേര്‍പെട്ടപ്പോള്‍തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷയുടെ മൊഴി. അതേസമയം, അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുണ്ട്. എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പക്ഷേ, ഇത് വിശ്വസനീയമല്ല. ഫാര്‍മസിസ്റ്റിന് മനുഷ്യശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാന്‍ കഴിയില്ല.
ഞരമ്പില്‍നിന്ന് രക്തം എടുക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ സാധിക്കുക. ഇന്‍ജക്ഷന്‍ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പരുമലയിലെ സെന്‍റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ നഴ്‌സിന്‍റെ വേഷം ധരിച്ച് എത്തിയ കായംകുളം കരീലക്കുളങ്ങര കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷ (25), പുല്ലുകുളങ്ങര സ്വദേശി അരുണിന്‍റെ ഭാര്യ സ്‌നേഹയെ (24) ധമനിയിലൂടെ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തിവിട്ട് കൊല്ലാന്‍ ശ്രമിച്ചത്.
ആശുപത്രി ജീവനക്കാരും സ്‌നേഹയുടെ അമ്മയും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ച് വാങ്ങിയ പുല്ലുകുളങ്ങരയിലെ ലക്ഷ്മി മെഡിക്കൽസിലും നഴ്സിന്‍റെ ഓവർകോട്ട് വാങ്ങിയ കായംകുളത്തെ ഷം സിൽക്സിലും പുളിക്കീഴ് പൊലീസ് അനുഷയുമായി ശനിയാഴ്ച തെളിവെടുപ്പ് നടത്തി. പ്രതി ആശുപത്രിയിൽ എത്തുന്നതിന്‍റെയും സ്നേഹയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിന്‍റെയും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, അരുണിനെ ശനിയാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യലിന് പൊലീസ് വിളിച്ചുവരുത്തി. നാലുമണിക്കൂറിലേറെ ചോദ്യം ചെയ്തശേഷം അഞ്ചരയോടെ വിട്ടയച്ചു. അനുഷയുടെ ഫോണിലെ വാട്സ്ആപ് ചാറ്റ് ഉൾപ്പെടെയുള്ളവ ഡിലീറ്റ് ആക്കിയ നിലയിലാണ്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് കസ്റ്റഡിയിൽ വാങ്ങി. ഇതിന്‍റെ പരിശോധനഫലം പുറത്തുവരുന്നതോടെ മാത്രമേ കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.