തിരുവനന്തപുരം: അയോഗ്യരെന്ന് സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയവരെ ഗവ. കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ തിരുകിക്കയറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു.പട്ടികയിൽനിന്ന് പുറത്തായവരെ പരിഗണിക്കാൻ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി വീണ്ടും സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചതിനെതിരെയാണ് ഇടക്കാലത്ത് യോഗ്യത നേടിയ അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചത്. നിയമനങ്ങൾ പൂർണമായും യു.ജി.സി റെഗുലേഷന്റെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് ട്രൈബ്യൂണൽ നിർദേശം നൽകി.
അയോഗ്യർക്ക് ഇളവ് നൽകി സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ യു.ജി.സി റെഗുലേഷന് അനുസൃതമായി മാത്രമേ നടപ്പാക്കാനാകൂവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. പ്രിൻസിപ്പൽ നിയമനത്തിനുള്ള 110 അപേക്ഷകരിൽ യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യരായ 43 പേരുടെ സെലക്ട് ലിസ്റ്റ് തയാറാക്കുകയും 67 പേർ അയോഗ്യരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട 43 പേരിൽ ഒരാളെ മാത്രം 2023 മാർച്ച് 30ന് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം നിയമിച്ചു. ഇദ്ദേഹം ഉൾപ്പെടെ അഞ്ച് പേർ കഴിഞ്ഞ മേയ് 31ന് വിരമിക്കുകയും ചെയ്തിരുന്നു.
ശേഷിക്കുന്നവർക്ക് നിയമനം നൽകാതെ അയോഗ്യരായവരെ പരിഗണിക്കാൻ വീണ്ടും മേയ് 27ന് സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതിനിടെ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യത നേടിയ മറ്റ് ഏഴ് അധ്യാപകരുടെ ഹരജിയിലാണ് ട്രൈബ്യൂണൽ ഇടക്കാല നിർദേശം നൽകിയത്.
നേരത്തെ തയാറാക്കിയ സെലക്ട് ലിസ്റ്റിലുള്ളവരെ ഒരാഴ്ചക്കകം നിയമിക്കുമെന്ന സർക്കാർ ഉറപ്പ് ഹാജരാക്കിയതുപ്രകാരം ഒരാഴ്ചക്കകം പ്രിൻസിപ്പൽ നിയമനം നടത്തി ഉത്തരവ് ഹാജരാക്കാൻ ട്രൈബ്യൂണൽ ജൂൺ 30ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിയമനം നടത്താതെ ഇടത് സംഘടന സമ്മർദത്തിൽ ഉത്തരവിനെതിരെ സർക്കാർ ട്രൈബ്യൂണലിൽ പുനഃപരിശോധന ഹരജിയും സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: യു.ജി.സി റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് അയോഗ്യരായവരെ യോഗ്യരാക്കാൻ സർക്കാർ പുറപ്പെടുവിച്ചത് അഞ്ച് ഉത്തരവുകൾ. ഇവ യു.ജി.സി റെഗുലേഷനും യു.ജി.സിയുടെ പബ്ലിക് നോട്ടീസിലെ നിർദേശങ്ങൾക്കും വിരുദ്ധമാണ്. ഡെപ്യൂട്ടേഷൻ കാലാവധി അധ്യാപന പരിചയമായി പരിഗണിക്കുന്നതിനും യു.ജി.സി അംഗീകാരമില്ലാത്ത കോളജ് ജേണലുകളിലെയും കോളജ് സെമിനാർ നടപടികൾ (പ്രൊസീഡിങ്സ്) അടങ്ങിയ പ്രസിദ്ധീകരണങ്ങൾ വരെ കരിയർ അഡ്വാൻസ്മെൻറ് സ്കീം (സി.എ.എസ്) പ്രമോഷനും പ്രിൻസിപ്പൽ നിയമനത്തിനും പരിഗണിക്കുന്നതിനുവേണ്ടിയാണ് ഈ ഉത്തരവുകളെല്ലാം പുറപ്പെടുവിച്ചത്.
ഈ ഉത്തരവുകളുടെ പിൻബലത്തിൽ ആദ്യ സെലക്ഷനിൽ അയോഗ്യരായി കണ്ടെത്തിയ അധ്യാപകർക്ക് മാത്രമായി നിയമനം നടത്തുന്നതിനായി പുതിയ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ നടപടികളെല്ലാം യു.ജി.സി റെഗുലേഷന് വിരുദ്ധമാണെന്ന ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ പുതിയ സെലക്ഷൻ കമ്മിറ്റിയുമായി മുന്നോട്ടുപോകുന്നത്.
ഇതിലെ ഭൂരിപക്ഷ അംഗങ്ങളും സർക്കാർ അനുകൂല സംഘടനകളുടെ മുൻഭാരവാഹികളോ അവർക്ക് വേണ്ടപ്പെട്ടവരോ ആണെന്ന ആക്ഷേപവും നിലവിലുണ്ട്. ആദ്യ സെലക്ഷൻ ലിസ്റ്റിനെ അട്ടിമറിച്ചുകൊണ്ട് അയോഗ്യരെക്കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക തയാറാക്കിയതായാണ് സൂചന. ആദ്യ ലിസ്റ്റിൽ ശേഷിക്കുന്ന 38 പേർക്ക് നിയമനം നൽകിയാൽ വീണ്ടും 28 ഒഴിവുകളുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിന് അയോഗ്യരായവരെ മാത്രം പരിഗണിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.