തിരുവനന്തപുരം: തുടർച്ചയായി എം.പിയായതിന്‍റെ പേരിൽ തന്നെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. താൻ വല്ലാത്ത അവസ്ഥയിലാണ് നിൽക്കുന്നതെന്നും പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും വിവാദമാകാൻ പാടില്ലാത്തതു കൊണ്ട് പ്രസംഗം എഴുതിക്കൊണ്ടു വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദലിത് പ്രോഗ്രസിവ് കോൺക്ലേവിലായിരുന്നു കൊടിക്കുന്നിൽ വികാരാധീനനായത്.
ഇത്തരമൊരു വേദിയിൽ നിൽക്കുമ്പോൾ പലതും തുറന്നു പറയേണ്ടതായി വന്നേക്കാം. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അതിന്‍റെ പേരിൽ ശത്രുക്കൾ കൂടിയെന്നും വരാം. ഒരുപാട് രാഷ്ട്രീയ വേട്ടയാടലുകളും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ട്. തുടർച്ചയായി മത്സരിക്കുന്നെന്നും മാറിക്കൊടുത്തുകൂടെയെന്നും ചോദിച്ചു. വിമർശിച്ചവർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ട്. ഇപ്രാവശ്യം തന്നെ ഒഴിവാക്കണമെന്ന് സ്നേഹപൂർവം പറഞ്ഞതാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കൊടിക്കുന്നിൽ ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുവന്നയാളാണെന്നും താനാണ് മത്സരരംഗത്തു നിന്ന് മാറിനിൽക്കരുതെന്ന് പറഞ്ഞതെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞങ്ങൾ വന്ന ശേഷം അദ്ദേഹത്തെ വേട്ടയാടിയിട്ടില്ല. അതേസമയം, സമൂഹ മാധ്യമങ്ങളിലടക്കം വലിയ കാമ്പയിനുണ്ടായിരുന്നു. എത്ര പ്രാവശ്യവും എം.പിയാകട്ടെ. അതിൽ എന്താണ് കുഴപ്പം. ജനപിന്തുണയുള്ളതു കൊണ്ടാണല്ലോ ജയിക്കുന്നത്. അദ്ദേഹത്തെ ചേർത്തു നിർത്തുകയാണെന്നും സഹോദരനായാണ് കാണുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.