കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോ. പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈകോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രിയ വർഗീസിന്റെ നിയമനം പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രിയ വർഗീസിന്റെ യോഗ്യതകൾ അക്കാദമികപരമല്ല. അധ്യാപന പരിചയം സർവകലാശാല സ്ക്രൂട്ടിനി കമ്മിറ്റി പരിഗണിച്ചില്ല. അസോ. പ്രഫസർ തസ്തികയിൽ മതിയായ പരിചയമില്ല. എൻ.എസ്.എസ് കോ ഓർഡിനേറ്ററായുള്ള കാലയളവും സ്റ്റുഡന്‍റ് സർവീസ് ഡയറക്ടറായുള്ള കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കാണാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. യു.ജി.സിയുടെയും ഹരജിക്കാരുടെയും വാദങ്ങൾ അംഗീകരിച്ച കോടതി പ്രിയയുടെ വാദങ്ങൾ തള്ളി.
നിയമനങ്ങൾ നടത്തുമ്പോൾ യു.ജി.സി ചട്ടം പാലിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. തുടർച്ചയായ പ്രവൃത്തി പരിചയം അധ്യാപകർക്ക് ആവശ്യമാണ്. അസി. പ്രഫസർ തസ്തികയിൽ അധ്യാപികയായി പ്രിയ ജോലി ചെയ്തിട്ടില്ല. ഗവേഷണ കാലഘട്ടം അധ്യാപനപരിചയമായി കണക്കാക്കാനാകില്ല. ഇത് അയോഗ്യതയാണെന്നും കോടതി നിരീക്ഷിച്ചു.
സർവകലാശാലകളിലും കോളജുകളിലും യു.ജി.സി മാനദണ്ഡം പാലിക്കണം. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ആകണമെന്നാണ് യു.ജി.സി ചട്ടമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
അധ്യാപന പരിചയമില്ലാത്തവരെ അധ്യാപകരായി കാണാനാകില്ല. അധ്യാപകർ രാഷ്ട്ര നിർമാതാക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടവരുമാണ്. അവർ മെഴുകുതിരി പോലെ പ്രകാശിക്കണം. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തിക നിയമനത്തിനുള്ള താൽക്കാലിക പട്ടികയിൽ പ്രിയക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ, അഭിമുഖത്തിൽ കൃത്രിമം കാണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയതെന്നും പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ചൂണ്ടിക്കാട്ടി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ ഹരജി നൽകുകയായിരുന്നു.
ഹരജിയിൽ പ്രിയ വർഗീസിന്റെ നിയമനം ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരജിയിൽ നടന്ന വാദത്തിനിടെ പ്രിയ വർഗീസിനെതിരെ ഹൈകോടതി രൂക്ഷമായ വിമർശനമാണ് നടത്തിയത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) കോഓഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടുമ്പോൾ നിർദേശം നൽകുന്നത് അധ്യാപന പരിചയമാകില്ലെന്നും ഹൈകോടതി വിമർശിക്കുകയുണ്ടായി. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.
പ്രിയക്ക് അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി.
എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ് ഉന്നയിച്ചത്. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി.
മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ബുധനാഴ്ചയും ആവർത്തിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദേശമുണ്ടായിരുന്നോയെന്നും ഇത് വ്യക്തമാക്കുന്ന രേഖ അപേക്ഷക്കൊപ്പം നൽകിയിരുന്നോയെന്നും കോടതി പ്രിയയോട് പല തവണ ആരാഞ്ഞു. അത്തരത്തിൽ ഹാജരാക്കിയ രേഖകൾ മാത്രമേ കണക്കിലെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് വാദം പൂർത്തിയാക്കി ഹരജി ഇന്ന് വിധി പറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.